'സ്വാറെയില്‍' പുറത്തിറക്കി റെയില്‍വേ; ഇനി എല്ലാം ഒറ്റ ആപ്പില്‍!


ഇന്ത്യൻ റെയില്‍വേ സ്വാറെയില്‍ മൊബൈല്‍ ആപ്ലിക്കേഷൻ പുറത്തിറക്കി. ഡിജിറ്റല്‍ പരിഹാരങ്ങളിലൂടെ യാത്രാ സേവനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ദൗത്യത്തിന്റെ ഭാഗമാണ് ഈ ആപ്പ്.പൊതുജനങ്ങള്‍ക്കുള്ള എല്ലാ സേവനങ്ങളും ഒരൊറ്റ ഉപയോക്തൃ സൗഹൃദ പ്ലാറ്റ്‌ഫോമിലേക്ക് ഏകീകരിക്കുന്നതിനാണ് സ്വാറെയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുമ്ബ്, ഐആർസിടിസി റെയില്‍ കണക്റ്റ്, യുടിഎസ് തുടങ്ങിയ വ്യത്യസ്ത ആപ്പുകളില്‍ ഈ സേവനങ്ങള്‍ ലഭ്യമായിരുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ ആൻഡ‍്രോയിഡ് ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. ആപ്പിള്‍ ആപ്പ്സ്റ്റോറില്‍ സ്വറെയില്‍ ആപ്പ് എത്തിയിട്ടില്ല.
ദീർഘദൂര, ലോക്കല്‍ ട്രെയിൻ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഭക്ഷണവും ഓർഡർ ചെയ്യാം. ട്രെയിനിന്റെ ലൈവ് ലൊക്കേഷൻ അറിയാനും ചരക്ക് കൈകാര്യം ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും.
ഐആർസിടിസിയും (ഇന്ത്യൻ റെയില്‍വേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ) ക്രിസും (സെന്റർ ഫോർ റെയില്‍വേ ഇൻഫർമേഷൻ സിസ്റ്റംസ്) ചേർന്ന് വികസിപ്പിച്ചതാണ് ഈ ആപ്ലിക്കേഷൻ. നിലവില്‍ റെയില്‍ കണക്‌ട് എന്ന ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിന്റെ അക്കൗണ്ട് വിവരങ്ങള്‍ ഉപയോഗിച്ച്‌ ഇത് ലോഗിൻ ചെയ്യാം. പുതിയ അക്കൗണ്ട് തുറക്കുകയുമാകാം.
യുടിഎസ് ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിലെ ആർ വാലറ്റ് സൗകര്യം പുതിയ ആപ്പുമായി ബന്ധിപ്പിക്കും. പ്ലാറ്റ്‌ഫോം ടിക്കറ്റെടുക്കുക, ടിക്കറ്റിന്റെ പിഎൻആർ സ്റ്റാറ്റസ് തിരയുക, വണ്ടിയുടെ കോച്ചുകളുടെ സ്ഥാനങ്ങള്‍ തിരയുക, റെയില്‍വേയുടെ സഹായങ്ങള്‍ അഭ്യർഥിക്കുക, പരാതി നല്‍കുക തുടങ്ങി ഒട്ടേറെ സേവനങ്ങളും ആപ്പിലൂടെ ലഭ്യമാണ്. ട്രെയിൻ യാത്ര കൂടുതല്‍ മികച്ചതും, കൂടുതല്‍ സുഖകരവും, കൂടുതല്‍ ആക്‌സസ് ചെയ്യാവുന്നതുമാക്കാൻ സ്വാറെയില്‍ ആപ്പ് വാഗ്ദാനം ചെയ്യുന്നു.

Post a Comment

Previous Post Next Post