നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് 436 രൂപ പിടിച്ചുവെന്ന മെസേജ് കിട്ടിയോ? വിഷമിക്കേണ്ട, ലഭിക്കുന്ന നേട്ടം വളരെ വലുതാണ്

പതിനെട്ടിനും അമ്ബതിനും ഇടയില്‍ പ്രായമുള്ളവരാണോ നിങ്ങള്‍, എങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 436 രൂപ ഇതിനകം പിടിച്ചിരിക്കും.ഇതുവരെ പിടിച്ചില്ലെങ്കില്‍ ഈ മാസം അവസാനിക്കും മുമ്ബ് പിടിച്ചിരിക്കും. ഇത് ഏത് ഇടപാടെന്ന് ആലോചിച്ച്‌ തലപുകയ്ക്കണ്ട. നിങ്ങള്‍ക്കും കുടുംബത്തിനും ഏറെ നേട്ടമുള്ള ഒന്നാണിത്. ഇത്രയും തുക പിടിക്കാൻ നിങ്ങള്‍ അനുവാദം നല്‍കിയിട്ടുമുണ്ട്.
പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ) എന്ന ഇൻഷുറൻസ് പദ്ധതിയുടെ വാർഷിക പ്രീമിയമാണ് നിങ്ങളുട‌െ അക്കൗണ്ടില്‍ നിന്ന് പിടിച്ചിരിക്കുന്നത്. പോയത് വെറും 436 രൂപയാണെങ്കിലും കിട്ടുന്ന നേട്ടം ഒട്ടും ചെറുതല്ല. ഇതില്‍ അംഗമാകുന്നവർക്ക് അപ്രതീക്ഷിതമായി മരണം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന് രണ്ടുലക്ഷം രൂപവരെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഈ സേവനം നല്‍കുന്നുണ്ട്.
പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമാ യോജന പദ്ധതിയുടെ ഒരുവർഷത്തെ പ്രീമിയം തുകയാണ് 436 രൂപ. ഈ തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് ആയി പിടിക്കുകയാണ് ചെയ്യുന്നത്. എല്ലാവർഷവും മേയ് മാസത്തിലാണ് ഈ തുക അക്കൗണ്ടില്‍ നിന്ന് നഷ്ടമാകുന്നത്. പ്രീമിയം അടയ്ക്കാൻ ഏതെങ്കിലും കാരണവശാല്‍ വിട്ടുപോയാല്‍ അതുമൂലം ഇൻഷുറൻസ് സേവനം നഷ്ടമാവാൻ ഇടവരും. അതിനാലാണ് ഓട്ടോ ഡെബിറ്റ് സംവിധാനം വഴി പണം പിടിക്കുന്നത്. ഇത്രയും തുക അക്കൗണ്ടില്‍ നിന്ന് പിടിക്കുമെന്ന് അറിയിപ്പ് നിങ്ങള്‍ക്ക് ബാങ്കില്‍ നിന്ന് നേരത്തേ ലഭിച്ചിട്ടുണ്ടായിരിക്കും.

Post a Comment

Previous Post Next Post