ഇന്നലെ രാത്രിയിൽ ആകാശത്ത് പാക് മിസൈൽ തകർത്തിട്ട 'സുദര്‍ശന ചക്രം, എസ്-400' റഷ്യയുടെ സമ്മാനം, ഇന്ത്യയുടെ വജ്രായുധം; എന്താണ് എസ്-400 അറിയാം

 


റഷ്യ വികസിപ്പിച്ച ദീർഘദൂര ഭൂതല-വ്യോമ മിസൈൽ പ്രതിരോധ സംവിധാനമാണ് എസ്-400 ട്രയംഫ്. ലോകത്ത് നിലവിലുള്ള ഏറ്റവും നൂതനവും ശക്തവുമായ വ്യോമപ്രതിരോധ സംവിധാനങ്ങളിലൊന്നായിട്ടാണ് എസ്-400 ട്രയംഫിനെ കണക്കാക്കുന്നത്. വ്യോമഭീഷണികൾക്കെതിരേ ഫലപ്രദമായ പ്രതിരോധം നൽകാൻ കഴിവുള്ളതാണ് ഇത്. ഡ്രോണുകൾ, മിസൈലുകൾ, റോക്കറ്റുകൾ, യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെ മിക്കവാറും എല്ലാത്തരം വ്യോമാക്രമണങ്ങളിൽ നിന്നും സംരക്ഷണം നൽകാനുള്ള കഴിവ് ഇതിനുണ്ട്. എസ്എ-21 ഗ്രോളർ എന്ന് നാറ്റോ നാമകരണം ചെയ്ത എസ്-400 നു നുഴഞ്ഞുകയറ്റ വിമാനങ്ങൾ, ആളില്ലാ വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെയും നേരിടാൻ കഴിയും. ഒരു പ്രത്യേക പ്രദേശത്ത് ഒരു കവചമായി പ്രവർത്തിക്കാൻ കഴിയുന്ന ഈ സംവിധാനം ഒരു ദീർഘദൂര ഉപരിതല-എയർ മിസൈൽ സംവിധാനമാണ്.

റഷ്യയുടെ അൽമാസ് സെൻട്രൽ ഡിസൈൻ ബ്യൂറോയാണ് ഇത് വികസിപ്പിച്ചത്. 2007-ൽ കമ്മീഷൻ ചെയ്തതു മുതൽ, എസ്-400 അതിന്റെ ദൂരപരിധി, വേഗത, വൈദഗ്ദ്ധ്യം എന്നിവയാൽ വ്യോമപ്രതിരോധത്തിൽ ഉരുക്ക് കോട്ടയായി നിലകൊള്ളുന്നു. ഒരു മൊബൈൽ മിസൈൽ പ്രതിരോധ സംവിധാനമായ ഇത് ദീർഘദൂര ലക്ഷ്യങ്ങളെ കണ്ടെത്തുകയും ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേസമയം ആക്രമിക്കുകയും ചെയ്യുന്നു. നാല് തരം മിസൈലുകളാലാണ് ഈ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. 9എം96ഇ, 9എം96ഇ2 (രണ്ടിന്റെയും ദൂരപരിധി 120 കിലോമീറ്റർ), 48എൻ6ഡിഎം (ദൂരപരിധി 250 കിലോമീറ്റർ), 40എൻ 6 (ദൂരപരിധി 400 കിലോമീറ്റർ) എന്നിവ. 600 കിലോമീറ്റർ പരിധിയിലുള്ള വസ്തുക്കൾ വരെ ട്രാക്ക് ചെയ്യാനും 400 കിലോമീറ്റർ പരിധിയിൽ വസ്തുക്കളെ ലക്ഷ്യമിടാനും ഇതിന് കഴിയുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനൊപ്പം 360-ഡിഗ്രി റഡാറും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് ഭീഷണികൾക്കെതിരെ വേഗത്തിലും വിവിധ തലങ്ങളിലുമുള്ള പ്രതികരണം നൽകുന്നു.
എസ്-200 മിസൈൽ സംവിധാനത്തിന് പകരമായി 1980-കളുടെ തുടക്കത്തിലാണ് എസ്-400 വികസിപ്പിക്കുന്നത് സംബന്ധിച്ച് റഷ്യ ആലോചന തുടങ്ങുന്നത്. പക്ഷേ, ഉയർന്ന ചെലവും ക്രൂയിസ് മിസൈലുകളുടെ ഭീഷണി നേരിടാനുള്ള കഴിവില്ലായ്മയും ചൂണ്ടിക്കാണിച്ചുകൊണ്ട് പദ്ധതിക്ക് അനുമതി ലഭിച്ചില്ല. പിന്നീട് 1980-കളുടെ അവസാനത്തിലാണ് ട്രയംഫ് എന്ന രഹസ്യനാമത്തിൽ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നത്. വിമാനങ്ങളെയും ക്രൂയിസ് മിസൈലുകളെയും സ്റ്റെൽത്ത് വിമാനങ്ങളെയും നേരിടാൻ കഴിവുള്ള ഒരു സംവിധാനമായാണ് ഇത് വികസിപ്പിച്ചത്. 1991 ഓഗസ്റ്റ് 22-ന് സോവിയറ്റ് സർക്കാർ ട്രയംഫ് പദ്ധതിക്ക് അംഗീകാരം നൽകി. പക്ഷേ സോവിയറ്റ് യൂണിയന്റെ പദ്ധതിയെ വീണ്ടും സ്തംഭനാവസ്ഥയിലാക്കി. പിന്നീട് 1993 ജനുവരിയിലാണ് റഷ്യൻ വ്യോമസേന പദ്ധതി വീണ്ടും പ്രഖ്യാപിക്കുന്നത്. 1999 ഫെബ്രുവരി 12-ന് വിജയകരമായ പരീക്ഷണങ്ങൾ നടത്തി. തുടക്കത്തിൽ 2001-ൽ വിന്യാസം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കൂടുതൽ മെച്ചപ്പെടുത്തലുകൾ ആവശ്യമുള്ളതിനാൽ 2007 വരെ ഇത് വൈകി.
റഷ്യൻ സായുധ സേനയും ഇന്ത്യ ഉൾപ്പെടെ മറ്റ് നിരവധി രാജ്യങ്ങളും ഇത് ഉപയോഗിക്കുന്നു. മെച്ചപ്പെട്ട ദൂരപരിധി, വേഗത, ഒന്നിലധികം ലക്ഷ്യങ്ങളെ നേരിടാനുള്ള ശേഷി എന്നിവ ഇതിനെ നിരവധി രാജ്യങ്ങൾക്ക് വളരെ ആവശ്യമുള്ള ഒന്നാക്കി മാറ്റി. ഇതിന്റെ ദൂരപരിധി, വേഗത, വഴക്കം എന്നിവ സമകാലിക വ്യോമ ഭീഷണികൾക്കെതിരേ ഫലപ്രദമായ ഒരു പ്രതിരോധ മാർഗ്ഗമാക്കി മാറ്റുന്നു. വിവിധ തലങ്ങളിലുള്ള വ്യോമ പ്രതിരോധം തീർക്കാനുള്ള എസ്-400-ന്റെ കഴിവ്, റഷ്യ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ തന്ത്രപരമായ ആയുധശേഖരത്തിലെ ഒരു പ്രധാന ഘടകമാക്കി മാറ്റി. ഇന്ത്യയുമായി സംഘർഷം നിലനിൽക്കുന്നകിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈന എസ്-400 വിന്യസിച്ചിട്ടുണ്ട്. തുർക്കി, ബെലാറസ്, അൽജീരിയ തുടങ്ങിയ രാജ്യങ്ങളുടെ കൈവശവും ഈ മിസൈൽ പ്രതിരോധസംവിധാനമുണ്ട്.
പ്രധാന സവിശേഷതകളും കഴിവുകളും
ഭൂതല-വ്യോമ മിസൈൽ സംവിധാനം. ലോകത്ത് ഇന്നുള്ള ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനങ്ങളിലൊന്ന്.
റഡാൽ, ശത്രു അയക്കുന്ന ആയുധങ്ങൾ കണ്ടെത്തി ലക്ഷ്യംവെക്കാനുള്ള സംവിധാനം, ശത്രുവിമാനങ്ങളെ നേരിടാൻ കഴിയുന്ന മിസൈലുകൾ, ലോഞ്ചറുകൾ തുടങ്ങിയവയുൾപ്പെട്ടതാണ് ഒരു യൂണിറ്റ് എസ്-400ദൂരപരിധി 400 കിലോമീറ്റർ
ഒരു യൂണിറ്റിൽ നാല് തരം മിസൈലുകൾ. 9എം96ഇ, 9എണ96ഇ2 (രണ്ടിന്റേയും ദൂരപരിധി 120 കിലോമീറ്റർ), 48 എൻ6ഡിഎം (ദൂരപരിധി 250 കിലോമീറ്റർ), 40 എൻ 6 (ദൂരപരിധി 400 കിലോമീറ്റർ).
ശത്രു റോക്കറ്റുകൾ, മിസൈലുകൾ, ക്രൂസ് മിസൈലുകൾ, വിമാനങ്ങൾ എന്നിവിയിൽനിന്ന് സംരക്ഷണമേകും.
36 ലക്ഷ്യങ്ങളെ ഒരേസമയം നേരിടും.
കര-നാവിക-വ്യോമസേനകൾക്ക് ഉപയോഗിക്കാനാകുംവിധത്തിലുള്ള രൂപകല്പന.
ബഹുതല പ്രതിരോധം:
 സ്റ്റെൽത്ത് വിമാനങ്ങൾ, ഡ്രോണുകൾ മുതൽ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ വരെ വെടിവെച്ചിടാൻ കഴിയുന്ന തരത്തിൽ, വിവിധ തലങ്ങളിലുള്ള പ്രതിരോധം സൃഷ്ടിക്കുന്നതിനായി നാല് തരം മിസൈലുകൾ ഉപയോഗിക്കുന്നു.
നൂതന റഡാർ: 
600 കിലോമീറ്റർ വരെ ദൂരപരിധിയിൽ ഒരേസമയം 300 ലക്ഷ്യങ്ങളെ വരെ കണ്ടെത്താനും ട്രാക്ക് ചെയ്യാനും, ഒപ്പം 36 ഭീഷണികളെ വരെ ഒരേസമയം നേരിടാനും കഴിയും.
ദ്രുതഗതിയിലുള്ള വിന്യാസം:
 അഞ്ച് മിനിറ്റിനുള്ളിൽ യുദ്ധസജ്ജമാക്കാൻ കഴിയും. ഭീഷണികളോട് പെട്ടെന്ന് പ്രതികരിക്കാൻ സജ്ജമാണ്.
ഉയർന്ന മൊബിലിറ്റി: 
മുഴുവൻ സംവിധാനവും മൊബൈൽ ലോഞ്ചറുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് വിവിധ ഭൂപ്രദേശങ്ങളിൽ തൽക്ഷണം വിന്യസിക്കാനും പുനർവിന്യസിക്കാനും കഴിയും.

Post a Comment

Previous Post Next Post