28 മാസത്തിനിടെ കുഴിച്ചുമൂടിയത് 14.82 കോടിയുടെ മാംസം

കോട്ടയം: ഇരുപത്തെട്ടു മാസത്തിനിടെ അയ്യായിരം ക്വിന്‍റലോളം പന്നിമാംസം കുഴിച്ചുമൂടിയ കേരളം പത്തു വർഷത്തിനിടെ രണ്ടു മൃഗശാലകളിലെ ജീവികള്‍ക്ക് ഭക്ഷണം വാങ്ങാൻ ചെലവാക്കിയത് 41.66 കോടി രൂപ.
നിർധനരായ വയോധികർക്ക് ക്ഷേമപെൻഷൻ 1600 രൂപപോലും കൊടുക്കാൻ വകയില്ലെന്നു പറയുന്ന സർക്കാരിന്‍റെ കെടുകാര‍്യസ്ഥതയുടെ നേർചിത്രമായി ഇതു മാറുന്നു.

2022 മേയ് 27നും 2024 സെപ്റ്റംബർ 30നുമിടയില്‍ സംസ്ഥാനത്ത് 4941 കാട്ടുപന്നികളെ കൊന്ന് വനം ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ മണ്ണെണ്ണയൊഴിച്ച്‌ കുഴിച്ചിട്ടുവെന്നാണ് സർക്കാരിന്‍റെ കണക്ക്.

2719 കാട്ടുപന്നികളെ വനംവകുപ്പും 2222 എണ്ണത്തെ പഞ്ചായത്തുകളും കൊന്നിട്ടുണ്ടെന്ന് 2024 ഒക്ടോബർ ഒമ്ബതിന് സർക്കാർ കേന്ദ്രത്തിലേക്കയച്ച ഹ‍്യൂമൻ വൈല്‍ഡ് ലൈഫ് കോണ്‍ഫ്‌ളിക്‌ട് റിഡക്‌ഷൻ ആൻഡ് മിറ്റിഗേഷൻ (മാനേജിംഗ് വൈല്‍ഡ് പിഗ് പോപ്പുലേഷൻ ഇൻ ഹ‍്യൂമൻ ഹാബിറ്റേഷൻ) എന്ന റിപ്പോർട്ടില്‍ വ‍്യക്തമാക്കുന്നു.

ഒരു കാട്ടുപന്നി ശരാശരി 100 കിലോഗ്രാം എന്നു കണക്കാക്കിയാല്‍തന്നെ ഭക്ഷ‍്യയോഗ‍്യമായ 4941 ക്വിന്‍റല്‍ പന്നിമാംസമാണ് കുഴിച്ചിട്ടത്. കിലോഗ്രാമിന് 300 രൂപവച്ചു കൂട്ടിയാല്‍ 14,82,30,000 രൂപ വിലവരും.

കുഴിച്ചിടാനുള്ള ചെലവും ഉദ‍്യോഗസ്ഥരുടെ യാത്രച്ചെലവും ജോലിസമയവുമെല്ലാം ഇതിനുപുറമെയുണ്ട്. ഇത്രമാത്രം മാംസം മനുഷ‍്യരെ തീറ്റിക്കില്ലെന്നു നിർബന്ധബുദ്ധിയുള്ള വനംവകുപ്പിന് മൃഗശാലകളിലെ ജീവികള്‍ക്കെങ്കിലും ഭക്ഷണമാക്കിയിരുന്നെങ്കില്‍ കോടിക്കണക്കിനു രൂപ ലാഭിക്കാമായിരുന്നു എന്നതാണ് വസ്തുത.

സംസ്ഥാനത്ത് തൃശൂരിലും തിരുവനന്തപുരത്തുമുള്ള മൃഗശാലകളിലെ ജീവികളുടെ ഭക്ഷണച്ചെലവ് സംബന്ധിച്ച്‌ ഫാർമേഴ്സ് അവയർനെസ് റിവൈവല്‍ മൂവ്മന്‍റ് (ഫാം) എന്ന സംഘടന വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കണക്കുകള്‍ ഈ സത‍്യം വെളിവാക്കുന്നു. ഫാം പ്രസിഡന്‍റ് സിജുമോൻ ഫ്രാൻസിസിന്‍റെ നേതൃത്വത്തിലാണ് കണക്കുകള്‍ ശേഖരിച്ചത്. 2014-15 മുതല്‍ 2024-25 വരെ രണ്ടു മൃഗശാലകളിലുംകൂടി 41,66,85,792 രൂപയുടെ ഭക്ഷണമാണ് വാങ്ങിയത്.

തൃശൂരില്‍ 12,14,04,094 രൂപ ചെലവായപ്പോള്‍ തിരുവനന്തപുരത്ത് 29,52,81,698 രൂപയാണ് ചെലവ്. കണക്കുകള്‍ പ്രകാരം തൃശൂർ മൃഗശാലയില്‍ കുരുവി അടക്കമുള്ള ഓരോ ജീവിക്കും വർഷം 33,565 രൂപയാണ് ഭക്ഷണത്തിനായി ചെലവാക്കുന്നത്. തിരുവനന്തപുരത്ത് ഇത് 27,729 രൂപ വരും.

സംസ്ഥാന സർക്കാർ ഒരാള്‍ക്ക് ക്ഷേമപെൻഷനായി കൊടുക്കുന്നത് മാസം 1600 രൂപവച്ച്‌ വർഷത്തില്‍ 19,000 രൂപയാണ്.

കൊന്നൊടുക്കുന്ന കാട്ടുപന്നികളെ മൃഗശാലകളിലെ ജീവികള്‍ക്ക് ഭക്ഷണമാക്കി മാറ്റി അതിന്‍റെ വില വന‍്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നല്‍കാൻ ഉപയോഗപ്പെടുത്താമെന്ന സാധ‍്യതപോലും സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല.

Post a Comment

Previous Post Next Post