സ്പീഡ് ബ്രെയ്ക്കറില്‍ തെന്നി, ഡിവൈഡറില്‍ ഇടിച്ച്‌ ബൈക്ക് മറിഞ്ഞു, ബെംഗലൂരുവില്‍ മലയാളി യുവാവിന് ദാരുണാന്ത്യം


ബംഗലൂരു: ബെംഗലൂരുവില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. കണ്ണൂർ മുണ്ടേരി വാരം സ്വദേശി മുഹമ്മദ്‌ ഷമല്‍ (25) ആണ് മരിച്ചത്.
കൂടെ ഉണ്ടായിരുന്ന യുവാവിനും അപകടത്തില്‍ പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണ്. ഞായറാഴ്ച രാവിലെ ബിടദിയില്‍ വച്ചാണ് അപകടമുണ്ടായത്. വൈകിട്ടോടെ ഷമലിനെ നിംഹാൻസില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഹമ്മദ്‌ ഷമലും സുഹൃത്തും 23കാരനുമായ ഗൗരീഷും സഞ്ചരിച്ചിരുന്ന ബൈക്ക് സ്പീഡ് ബ്രെയ്ക്കറില്‍ നിന്ന് തെന്നി വീണ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

ഗൗരീഷിനെ ചെറിയ പരുക്കുകളോടെ രാംനഗരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മടിവാളയിലെ ഒരു സ്വകാര്യ ബേക്കറി കടയില്‍ ജോലിക്കാരനായിരുന്നു മുഹമ്മദ് ഷമല്‍. പോസ്റ്റുമോർട്ടം ചെയ്തതിനുശേഷം ബെംഗലൂരു ശിഹാബ് തങ്ങള്‍ സെന്ററില്‍ കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തില്‍ അന്ത്യ കർമ്മങ്ങള്‍ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകും. മാതാവ് ഷെറീന. സഹോദരി ഷംല ബാനു. കബറടക്കം കണ്ണൂർ സിറ്റി മൈതാനി പള്ളിയില്‍.

Post a Comment

Previous Post Next Post