'ഷൈന്‍ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചു, ലഹരിയിടപാടുകാരുമായി ബന്ധം'; നടനെതിരായ എഫ്‌ഐആര്‍ വിവരങ്ങള്‍


നടൻ ഷൈൻ ടോം ചാക്കോ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചതായി പൊലീസിൻ്റെ എഫ്‌ഐആർ. ചോദ്യം ചെയ്യലിനായി വിളിപ്പിച്ച, ഷൈനിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു.
ഈ മാസം 21, 22 തീയതികളില്‍ ഷൈൻ വീണ്ടും ഹാജരാകണമെന്നും പൊലീസ് അറിയിച്ചു. ലഹരി ഉപയോഗത്തിനും ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതിനുമാണ് ഷൈനിനെതിരെ കേസ്. കുറ്റം തെളിഞ്ഞാല്‍ ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ഷൈനെതിരെ ചുമത്തിയിട്ടുള്ളത്.

ഇക്കഴിഞ്ഞ 17-ാം തീയതി, ഡാൻസാഫ് സംഘം ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയതു മുതല്‍ ഷൈൻ ടോം ചാക്കോ നടത്തിയ നാടകീയത ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്നതിലുമുണ്ടായി. ആവശ്യപ്പെട്ടതിലും അര മണിക്കൂർ മുമ്ബേ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. നാലര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ലഹരി ഉപയോഗത്തിനും ലഹരി ഇടപാടിനുള്ള ഗൂഢാലോചനയും അടക്കമുള്ള വകുപ്പുകള്‍ പൊലീസ് ചുമത്തി.

ലഹരി ഇടപാടുകാരൻ സജീറിനെ അറിയാമെന്ന് സമ്മതിച്ചതോടെയാണ് കേസെടുക്കുന്നതിലേക്കും അറസ്റ്റ് നടപടികളിലേക്കും പൊലീസ് കടന്നത്. ഇടപാടുകാരുമായുള്ള ഷൈനിൻ്റെ ബന്ധം ഉറപ്പിക്കുന്ന ഫോണ്‍ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സെൻട്രല്‍ എസിപി സി. ജയകുമാർ, നർകോട്ടിക് എസിപി കെ.എ. അബ്ദുള്‍ സലാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എൻഡിപിഎസ് ആക്‌ട് 27 (ബി), 29, ബിഎൻസ് 238 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് ചോദ്യം ചെയ്യലിനായി നോർത്ത് പൊലീസ് തയാറാക്കിയത്.
അളവില്‍ കവിഞ്ഞ മെത്തഫെറ്റമിൻ ഉപയോഗിച്ചിരുന്നതായി ഷൈൻ മൊഴി നല്‍കിയിട്ടുണ്ട്. ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീനയുമായും ലഹരി ഇടപാടുകാരൻ സജീറുമായും ബന്ധമുണ്ടെന്നും സമ്മതിച്ചു. ഹോട്ടല്‍ മുറിയില്‍ നിന്ന് രാത്രിയില്‍ ഇറങ്ങിയോടിയത് പൊലീസിനെ ഗുണ്ടകളെന്ന് തെറ്റിദ്ധരിച്ചെന്ന് ആദ്യം പറഞ്ഞ ഷൈൻ പിന്നീട് പല കാര്യങ്ങളും തുറന്ന് സമ്മതിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഹോട്ടലില്‍ മുറിയെടുത്തത് കൂട്ടുകാരനും ഒത്ത് മയക്കുമരുന്ന് ഉപയോഗിക്കാനായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം ഹോട്ടലില്‍ എത്തിയത്. നടൻ ഓടി രക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കാനെന്നുമാണ് പൊലീസ് വിലയിരുത്തല്‍. ഷൈൻ ഉള്‍പ്പെട്ട ലഹരി കേസില്‍ രണ്ട് പ്രതികളാണുള്ളത്. ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുർഷാദിനെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ആ ദിവസം ലഹരി കൈവശം വെക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഷൈനിന്റെ മറുപടി. നടി വിൻസി അലോഷ്യസിൻ്റെ പരാതി വ്യാജമെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം ആശുപത്രിയില്‍ എത്തിച്ച്‌ നടന്റെ രക്തം, നഖം, മുടി എന്നിവയുടെ സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post