17 വര്‍ഷമായി കൂടെയുള്ള ഡ്രൈവര്‍ക്ക് വിഷു സമ്മാനമായി വീട് നല്‍കി ശ്രീനിവാസൻ


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിവാസൻ. നടനെന്ന രീതിയില്‍ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും മലയാളികള്‍ക്ക് പ്രിയപ്പെട്ടൊരാളാണ് ശ്രീനിവാസൻ.
തനിക്കൊപ്പം വർഷങ്ങളായി കൂടെയുള്ള ഡ്രൈവർക്കായി വിഷു ദിനത്തില്‍ ഒരു സ്നേഹസമ്മാനം നല്‍കിയിരിക്കുകയാണ് ശ്രീനിവാസൻ. എറണാകുളം ജില്ലയിലെ കണ്ടനാട് ആണ് തന്റെ ഡ്രൈവർക്കായി ശ്രീനിവാസൻ വീടൊരുക്കി നല്‍കിയത്. കണ്ടനാട് തന്നെയാണ് ശ്രീനിവാസനും താമസം.
17 വർഷമായി തന്റെ സാരഥിയായി കൂടെയുള്ള പയ്യോളി സ്വദേശിയായ ഷിനോജിനാണ് ശ്രീനിവാസൻ പുതിയ വീടുവച്ചു നല്‍കിയത്. വിഷുദിനത്തിലായിരുന്നു വീടിന്റെ ഗൃഹപ്രവേശം. ഗൃഹപ്രവേശ ചടങ്ങിന് കുടുംബസമേതം എത്തിച്ചേരാനും ശ്രീനിവാസൻ മറന്നില്ല.

ശ്രീനിവാസനൊപ്പം ഭാര്യ വിമല, മകൻ ധ്യാൻ, മരുമകള്‍ അർപ്പിത, പേരക്കുട്ടി ആരാധ്യ സൂസൻ ധ്യാൻ എന്നിവരും ഗൃഹപ്രവേശത്തിനു എത്തിയിരുന്നു. ശ്രീനിവാസന്റെ ഭാര്യ വിമലയും ധ്യാൻ ശ്രീനിവാസനും ചേർന്നാണ് വീടിന്റെ പാലുകാച്ചല്‍ നടത്തിയത്.
"കുറേക്കാലമായി അദ്ദേഹം എന്നോട് വീടിനെ കുറിച്ചു പറയുന്നു. ഞാൻ വേണ്ടെന്നാണ് എപ്പോഴും പറയാറ്. ഒടുവില്‍ വിനീതേട്ടൻ വിളിച്ചു, അച്ഛൻ സന്തോഷമായി ഒരു കാര്യം ചെയ്തു തരുന്നതല്ലേ. വേണ്ടെന്നു പറയരുത് എന്ന്. എന്നോട് ഇഷ്ടമുള്ള സ്ഥലം കണ്ടെത്താൻ പറഞ്ഞു. അങ്ങനെ കണ്ടെത്തിയ സ്ഥലത്താണ് വീട്," ഷിനോജ് മനോരമ ഓണ്‍ലൈനോട് പറഞ്ഞതിങ്ങനെ.
വ്ളോഗറായ ഷൈജു പങ്കുവച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ അറിഞ്ഞത്. ഡ്രൈവറെയും തങ്ങളുടെ കുടുംബത്തിന്റെ ഒരു ഭാഗമായി കണ്ട് താരത്തിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് ആരാധകരും.

Post a Comment

Previous Post Next Post