ചുഴിലിക്കാറ്റും വേനല്‍മഴയും ; വ്യാപക നാശനഷ്ടം

ചെറുപുഴ: വിഷുദിനത്തിലുണ്ടായ കനത്ത കാറ്റിലും മഴയിലും ഇടിമിന്നലിലും ചെറുപുഴ മേഖലയില്‍ വ്യാപക നാശം. കാർഷിക വിളകള്‍ വ്യാപകമായി നശിച്ചതിനു പുറമേ നിരവധി വൈദ്യുത തൂണുകളും ട്രാൻസ്ഫോർമറുകളും തകർന്നു.
മരം വീണും മറ്റും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. തിരുമേനി കോക്കടവിലെ പന്തലാനിക്കല്‍ സെബാസ്റ്റ്യന്‍റന്‍റെ വീടിന് മുകളില്‍ തെങ്ങ് വീണ് മേല്‍ക്കൂര ഭാഗികമായി തകർന്നു. പാടിയോട്ടുചാല്‍ ഹാജിമുക്കിലെ കാക്കനാട്ട് ബാബു ചാക്കോയുടെ വീടിന്‍റെ വൈദ്യുത മീറ്ററും വയറിംഗും ഇടിമിന്നലേറ്റ് കത്തി നശിച്ചു. ചൂരപ്പടവിലെ ട്രാൻസ്ഫോർമർ കാറ്റില്‍ നിലംപൊത്തി. മുളപ്ര പെരുങ്കുടല്‍ റോഡരികില്‍ പാട്ടത്തിനെടുത്ത് നേന്ത്രവാഴ നട്ട ചെറുപാറ തെക്കേവയലില്‍ ജയിസന്‍റെ കുലച്ച 200 ഓളം വാഴകള്‍ കാറ്റില്‍ ഒടിഞ്ഞു വീണു. വാഴക്കുണ്ടം സെവൻസിലെ ചിറ്റാട്ടില്‍ ബിനോയുടെ കമുക്, വാഴ എന്നിവയും നശിച്ചു. വീടിന് മുകളില്‍ കമുക് ഒടിഞ്ഞു വീണു. ചുണ്ട, പുളിങ്ങോം, കോഴിച്ചാല്‍, കായക്കര, ഇടവരമ്ബ്, വിളക്കുവട്ടം, ചൂരപ്പടവ്, തിരുമേനി, കോക്കടവ്, വാഴക്കുണ്ടം, പാടിയോട്ടുചാല്‍, ഹാജിമുക്ക്, എയ്യൻകല്ല് എന്നിവിടങ്ങളിലെല്ലാം കനത്ത നാശനഷ്ടമാണുണ്ടായിരിക്കുന്നത്. കൊക്കോ, ജാതി, റബർ, കമുക്, തെങ്ങ് എന്നിവയാണ് വ്യാപകമായി നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ചെറുപുഴ പഞ്ചായത്തിലെ ഏഴാം വാർഡില്‍ ഇടവരമ്ബിലെ സജേഷ് പയ്യാടക്കൻ വാടകയ്ക്ക് താമസിക്കുന്ന വീടിനു മുകളില്‍ മരം പൊട്ടിവീണ് വീട്ടുപകരണങ്ങള്‍ തകർന്നു. തലപ്പുലത്ത് വിജയന്‍റെ കാലിത്തൊഴുത്ത്, പെരുമാലില്‍ ബിനോയിയുടെ വീട് എന്നിവയും മരങ്ങള്‍ വീണ് ഭാഗികമായി തകർന്നു. പുളിങ്ങോം ശങ്കര നാരായണ ക്ഷേത്ര ഓഡിറ്റോറിയത്തിന്‍റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ കാറ്റില്‍ തകർന്നു വീണു.
പ്രാപ്പൊയില്‍, കക്കോട്, മഞ്ഞക്കാട്, പെരുന്തടം, ചൂരപ്പടവ്, കുളത്ത് വായ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടം സംഭവിച്ചു. ഇവിടങ്ങളില്‍ വൈദ്യുതി വിതരണം പൂർണണമായും നിലച്ചു. വൈദ്യുതി പുനസ്ഥാപിക്കാൻ ദിവസങ്ങള്‍ എടുക്കുമെന്നാണ് അധികൃതർ പറയുന്നത്. വൈദ്യുതി വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. പെരുന്തടം - ചൂരപ്പടവ് ഭാഗത്ത് 20 എച്ച്‌ടി പോസ്റ്റുകളും, 15 എല്‍ടി പോസ്റ്റുകളും കമ്ബികളും തകർന്നു.
കാറ്റില്‍ കൃഷി നാശം നേരിട്ടവർ കൃഷി ഇൻഷ്വർ ചെയ്തിട്ടുണ്ടെങ്കില്‍ അഞ്ചു ദിവസത്തിനകം മതിയായ രേഖകളോടെ അപേക്ഷ നല്‍കണമെന്ന് ചെറുപുഴ കൃഷിഭവൻ അധികൃതർ അറിയിച്ചു. വാഴക്കുണ്ടം സെവൻസിലെ ചിറ്റാട്ടില്‍ ബിനോയുടെ കമുക്, വാഴ എന്നിവ നശിച്ചു. വീടിന് മുകളില്‍ കമുക് ഒടിഞ്ഞു വീണ് വീടിനും കേടുപാടുകള്‍ സംഭവിച്ചു.

ചൂരപ്പടവിലെ കൊച്ചു വിളയില്‍ ദിവാകരന്‍റെ വീടിന്‍റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ കനത്ത കാറ്റില്‍ പറന്നു പോയി. വീട്ടിനുള്ളില്‍ സാധനങ്ങള്‍ നശിച്ചു. 60 റബർ മരങ്ങളും കമുക്, കശുമാവ്, തുടങ്ങിയവയും പൊട്ടി വീണു. തിരുമേനിയിലെ കിഴക്കരക്കോട്ട് ജോസ് കുട്ടിയുടെ വാഴത്തോട്ടം പൂർണമായും നശിച്ചു. നൂറോളം കുലച്ച വാഴകഴളടക്കമുള്ള തോട്ടമാണ് കാറ്റില്‍ നശിച്ചത്.

പഞ്ചായത്ത് - വില്ലേജ് അധികൃതർ, കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ സന്ദർഗിച്ചു. പലയിടത്തും ഏറെ വൈകിയാണ് വൈദ്യതി പുന:സ്ഥാപിക്കുവാൻ കെഎസ്‌ഇബി ജീവനക്കാർക്ക് കഴിഞ്ഞത്.

ഉളിക്കല്‍: വിഷുദിനത്തില്‍ വീശിയടിച്ച ചുഴലി കാറ്റിലും വേനല്‍ മഴയിലും ഉളിക്കല്‍, പയ്യാവൂർ പഞ്ചാത്തുകളില്‍ വ്യാപക നാശം. രണ്ട് വീടുകള്‍ പൂർണമായും 100 ഓളം വീടുകള്‍ ഭാഗികമായും തകർന്നു. ആയിരക്കണക്കിന് ഏക്കർ സ്ഥലത്തെ കൃഷികള്‍ പൂർണമായതും നശിച്ചു. പ്രദേശത്തേക്കുള്ള വൈദ്യുതി, ഫോണ്‍, ഗതാഗത ബന്ധങ്ങള്‍ പൂണമായും തടസപ്പെട്ടു.

തിങ്കളാഴ്ച വൈകുന്നേരം 3.30 ഓടെയാണ് മലയോര മേഖലയില്‍ മഴക്കൊപ്പം ചുഴലിക്കാറ്റും വീശിയടിച്ചത്. ഉളിക്കല്‍ പഞ്ചായത്തിലെ മണിപ്പാറ, കോട്ടപ്പാറ, ആനയടി, അമേരിക്കൻ പാറ, ശാന്തിനഗർ, പയ്യാവൂർ പഞ്ചായത്തിലെ കുഞ്ഞിപ്പറമ്ബ് ,കുന്നത്തൂർ മേഖലകളിലാണ് മിന്നല്‍ ചുഴലി വീശിയടിച്ചത്. റബർ, കശുമാവ്, പ്ലാവ്, മാവ്, തേക്ക് , കവുങ്ങ്, വാഴ, തെങ്ങ് തുടങ്ങി കാർഷിക വിളകള്‍ ഉള്‍പ്പെടെ കൃഷികള്‍ സർവതും കാറ്റില്‍ നിലംപൊത്തി. മരങ്ങള്‍ പൊട്ടിവീണ് വീണ് വൈദ്യുതി ബന്ധവും നിലച്ചതോടെ മൊബൈല്‍ ബന്ധങ്ങളും തകരാറിലായി.

മരങ്ങള്‍ പൊട്ടിവീണ് പ്രധാന റോഡിലെയും പഞ്ചായത്ത് റോഡിലെയും ഗതാഗത സംവിധാനം തടസപ്പെട്ടു. രത്രി എട്ടോടെ നാട്ടുകാർ ഗതാഗതം പുനഃസ്ഥാപിച്ചു. വീടിനുള്ളില്‍ കുടുങ്ങിപോയവരെയും നാട്ടുകാർ ചേർന്ന് വെളിയില്‍ എത്തിച്ചു. മരം പൊട്ടിവീണും കാറ്റില്‍ ഓടും അസ്പറ്റോസ് ഷീറ്റും പറന്നുപോയുമാണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. മേല്‍ക്കൂര തകർന്നതോടെ മഴയില്‍ നനഞ്ഞ് വീട്ടുപകരങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

പല വീടുകളിലും തലനാരിഴക്കാണ് വീട്ടുകാർ അപകടത്തില്‍ നിന്നും രക്ഷപെട്ടത്. സജീവ് ജോസഫ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്‍റുമാർ , വിവിധ ജനപ്രതിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ ,അമേരിക്കൻ പാറ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.ജിനു ജോണ്‍ ,കുഞ്ഞിപ്പറമ്ബ് ഇടവക വികാരി ഫാ. ടോണി കുന്നത്ത് എന്നിവർ സ്ഥലം സന്ദർശിച്ചു. കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ എന്നിവരോട് സ്ഥലം സന്ദർശിച്ച്‌ നാശനഷ്ടങ്ങളെ സംബന്ധിച്ച യഥാർഥ വിവരങ്ങള്‍ ശേഖരിക്കാൻ എംഎല്‍എ നിർദോശം നല്‍കി.

വീടുകളും കൃഷിയും
നശിച്ചു

ഉളിക്കല്‍ പഞ്ചായത്തിലെ അമേരിക്കൻ പാറയിലെ മീനോത്ത് ദാമുവിന്‍റെ വീടിന്‍റെ മേല്‍ക്കൂര കാറ്റില്‍ പൂർണമായും പറന്നുപോയി. വീടിന്‍റെ ചിമ്മിനിക്ക് വിള്ളല്‍ വീണ് അപകടാവസ്ഥയിലാണ്. മരോട്ടിപ്പറമ്ബില്‍ മേഴ്‌സി, മണത്തിനാംകണ്ടി കല്യാണി, ചാന്തനാട്ട് കൃഷ്‌ണൻ കുട്ടി, മരോട്ടിക്കുഴി ബിനോയി, മേഴ്സി പൂവ്വത്തിങ്കല്‍ തുടങ്ങി നിരവധി വീടുകള്‍ ഭാഗികമായി തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

അമേരിക്കൻപാറ സെന്‍റ്. ജോർജ് ഓർത്തഡോക്സ് പള്ളിയുടെ 200 അധിക റബർ മരങ്ങള്‍ കാറ്റില്‍ തകർന്നു.കൂട്ടുങ്കല്‍ ജോയി, പൊന്നംതാനത്ത് മാത്യു, മാടപ്പള്ളിക്കുന്നേല്‍ ലൈജു, നരിവേലില്‍ ജില്‍സ്, താനംചേരി ബാലകൃഷ്ണൻ തുടങ്ങി നിരവധി കർഷകരുടെ കൃഷികളാണ് കാറ്റില്‍ നിലം പൊത്തിയത്. സ്വകാര്യ നെറ്റ് വർക്ക് ശൃംഖലയുടെ കേബിള്‍ പല സ്ഥലങ്ങളിലും പൊട്ടിവീണ് വലിയ നഷ്ടം സംഭവിച്ചു.

പയ്യാവൂർ പഞ്ചായത്തില്‍ കുഞ്ഞിപ്പറമ്ബിലെ പൗലോസ് അറയ്ക്കപറമ്ബിലിന്‍റെ വീട് മരം വീണ് പൂർണമായും തകർന്നു. ജയൻകുട്ടി കല്‍കുന്നത്ത്, മാത്യു കുളത്തിനപ്രായില്‍,റോയ് നെടുംതുണ്ടത്തില്‍,ജോണ്‍സണ്‍ ചൊറിയൻമാക്കല്‍, ജോയി ചാരംകുഴിയില്‍, ചിന്നമ്മ പൈമ്ബള്ളില്‍, വില്‍സണ്‍ നെടുമറ്റത്തില്‍, ജിമ്മി വല്ലേല്‍പുത്തേട്ട്, മോഹനൻ പൂണൂല്‍പറമ്ബില്‍, തങ്കച്ചൻ മാപ്പറയില്‍ എന്നിവരുടെ വീടുകള്‍ ഭാഗികമായി തകർന്നു.

റോയി ഇടകഴിക്കല്‍, മാത്യു അറക്കല്‍, മാത്യു കുളത്തിനാപ്രായില്‍,ജിമ്മി വല്ലേല്‍പുത്തേട്ട്, തങ്കച്ചൻ കുപ്പക്കുഴിയില്‍, ക്രിസ്തുദാസി കോണ്‍വെന്‍റ് കുഞ്ഞിപ്പറമ്ബ്, സെന്‍റ് ജോസഫ് പള്ളി കുഞ്ഞിപ്പറമ്ബ്, പെണ്ണമ്മ വാളിപാക്കല്‍, സജി പുലിക്കുന്നേല്‍, ജിമ്മി അറക്കല്‍, ഉമ്മർ പയ്യാവൂർ, ഗിരിധരൻ അവരോത്ത്, രവീന്ദ്രൻ വെട്ടൂപറമ്ബില്‍, സിബി പൂവന്നിക്കുന്നില്‍, ലിജു പുല്ലുമുറ്റത്തില്‍, സാബു കൂനാനിക്കല്‍ , ജോസഫ് എടാട്ട് എന്നിവരുടെ കൃഷിയിടങ്ങള്‍ പൂർണ്ണമായും നശിച്ചു.

അടിയന്തര സഹായം എത്തിക്കണം: സജീവ് ജോസഫ്

വീശിയടിച്ച ചുഴലിക്കാറ്റില്‍ കൃഷി നശിച്ചവർക്കും വീട് നഷ്ടമായവർക്കും സർക്കാർ അടിയന്തര സഹായം എത്തിക്കണമെന്ന് സജീവ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ കാലവർഷ കെടുതിയില്‍ വീടും കൃഷിയും നശിച്ചവർക്ക് ഒരുവർഷം പിന്നിട്ടിട്ടും സർക്കാർ നഷ്ടപരിഹാരം നല്‍കാത്തത് കർഷകരോട് കണിക്കുന്ന അവഗണക്ക് ഉദാഹരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post