തിരുവനന്തപുരം: ഗൂഗിള്‍പേയും ഫോണ്‍പേയും പോലുള്ള ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങള്‍ ഉപയോഗിക്കാത്തവർ ഇന്ന് കുറവായിരിക്കും.
ഇപ്പോള്‍ തട്ടിപ്പുകാരും ഈ ഡിജിറ്റല്‍ പേയ്മെന്റ് രീതികളുടെ മറപിടിച്ച് എത്തിയിരിക്കുകയാണ്. കടയുടമകളെയും ബിസിനസുകാരെയും ലക്ഷ്യമിട്ട് യുപിഐ ആപ്പുകളുടെ മറവിലാണ് പുതിയ തട്ടിപ്പ്. യുപിഐ പേയ്‌മെന്‍റുകള്‍ സ്വീകരിക്കുന്നവരെയാണ് തട്ടിപ്പുകാർ നോട്ടമിടുന്നത്. ഫോണ്‍പേ, ഗൂഗിള്‍പേ എന്നിവയോട് സാമ്യമുള്ള വ്യാജ ആപ്പുകള്‍ സൃഷ്‍ടിച്ചാണ് ഇടപാടുകാരില്‍ നിന്ന് പണം തട്ടുന്നത്. ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം ഉള്‍പ്പെടെയുള്ള യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവർക്ക് സൈബർ സുരക്ഷാ വിദഗ്ധർ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി.
വ്യാജ യുപിഐ ആപ്പ് വഴിയാണ് നിങ്ങള്‍ക്ക് ആളുകള്‍ പണം നല്‍കിയതെങ്കില്‍, കടയില്‍ സൂക്ഷിച്ചിരിക്കുന്ന സൗണ്ട്ബോക്സ് പേയ്‌മെന്‍റ് ലഭിച്ചു എന്നതിന്‍റെ സൂചനയായി റിംഗ് ചെയ്താലും തുക അക്കൗണ്ടിലേക്ക് എത്തുകയില്ല. ഈ സൈബർ തട്ടിപ്പ് രീതി സൈബർ വിദഗ്ധരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമമായ ഡെക്കാൻ ക്രോണിക്കിള്‍ റിപ്പോർട്ട് ചെയ്യുന്നു. ടെലിഗ്രാം പോലുള്ള ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളില്‍ നിന്നാണ് വ്യാജ യുപിഐ ആപ്പുകള്‍ എടുക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍. തിരക്കുള്ള സമയങ്ങളിലാണ് പല വ്യാപാരികളും ഇത്തരം കബളിപ്പിക്കലിന് ഇരയാകുന്നതെന്നും വിദഗ്ധർ പറയുന്നു.
തിരക്കിലായിരിക്കുമ്ബോള്‍ ഫോണില്‍ പണം വന്നോ എന്ന് നോക്കുന്നതിനുപകരം സൗണ്ട് ബോക്സ് ശബ്‍ദം കേട്ട് പേമെന്‍റ് ഉറപ്പിക്കുകയാകും പല കടയുടമകളും ചെയ്യുക. അവിടെയാണ് അവർ വഞ്ചിക്കപ്പെടുന്നത്. വ്യാജ ആപ്പ് കടയുടമയ്‌ക്കോ പണം സ്വീകരിക്കുന്ന വ്യക്തിക്കോ വ്യാജ പേയ്‌മെന്‍റ് അറിയിപ്പ് കാണിക്കും. ചില ആപ്പുകള്‍ വളരെ സമർത്ഥമായി രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതിനാല്‍ അവ മുഴുവൻ പേയ്‌മെന്‍റ് പ്രക്രിയയും കാണിക്കുന്നു.സൈബർ വിദഗ്ധർ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഇതുവരെ ഇത് സംബന്ധിച്ച് കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
Post a Comment