ആലക്കോട് : ആലക്കോട് പഞ്ചായത്തിലെ ആലക്കോട് കൊട്ടാരം കടവ് -മോറാനി റോഡിൽ പാലം നിർമാണത്തിന് ജില്ലാ പഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ 37.50 ലക്ഷം രൂപ അനുവദിച്ചു. ആലക്കോട് ഗ്രാമപ്പഞ്ചായത്തും 37.50 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം അറിയിച്ചു.
ഗ്രാമപ്പഞ്ചായത്തും ജില്ലാ പഞ്ചായത്തും പകുതി തുക വീതമായി 75 ലക്ഷം രൂപ ചെലവിലാണ് പാലം നിർമിക്കുക. മൂന്നുവർഷം മുമ്പ് പാലം നിർമാണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിനെ ആലക്കോട് ഗ്രാമപ്പഞ്ചായത്ത് ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും കാലതാമസമുണ്ടായി.
ഇതുകാരണം രണ്ട് വർഷവും ജില്ലാപഞ്ചായത്ത് 25 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നെങ്കിലും പദ്ധതി നടപ്പാക്കാൻ കഴിഞ്ഞില്ല. പാത്തൻപാറ, ഒറ്റതൈ, മോറാനി പ്രദേശങ്ങളിലെ നൂറുകണക്കിനു കുടുംബങ്ങളുടെയും യാത്രക്കാരുടെയും ദുരിതത്തിന് പരിഹാരമാകാൻ പുതിയ പാലം ഉപകരിക്കും.
ആലക്കോട്, ചപ്പാരപ്പടവ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന രയരോം -ബീമ്പുംകാട്-എരുവാട്ടിറോഡിന് റീടാറിങ്ങിന് 40 ലക്ഷം രൂപയും വകയിരുത്തി. രയരോം ഗവ. ഹൈസ്കൂളിന് ഓപ്പൺ എയർ ഓഡിറ്റോറിയം നിർമിക്കാൻ 40 ലക്ഷം രൂപയും സ്കൂൾ അറ്റകുറ്റപ്പണിക്ക് അഞ്ചുലക്ഷം രൂപയും വകയിരുത്തിയതായി തോമസ് വെക്കത്താനം അറിയിച്ചു.
തടിക്കടവ്വൽ ഗവ. ഹൈസ്കൂളിന് അറ്റകുറ്റപ്പണിക്കായി 10 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് വകയിരുത്തി.
Post a Comment