പാലത്തിലേക്കുള്ള വഴി തകര്‍ന്നു: യാത്രക്കാര്‍ ദുരിതത്തില്‍


ആലക്കോട്: വെള്ളാട് കണ്ടത്തില്‍ പീടിക-പത്തങ്ങാടി പ്രദേശങ്ങളെ ബന്ധിപ്പിച്ചുള്ള പാലത്തിന്‍റെ പ്രവേശന വഴി ശോചനീയാവസ്ഥയിലായത് അപകടഭീഷണിയുയർത്തുന്നു.
നടുവില്‍ പഞ്ചായത്തിലെ കണിയൻചാല്‍-പാറ്റാക്കളം വാർഡുകളെ ബന്ധിപ്പിച്ചുള്ളതും പത്തങ്ങാടി പ്രദേശത്തെ നിരവധി കുടുംബങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക മാർഗമാണ് പാലം.
കരുവഞ്ചാല്‍ പുഴയ്ക്ക് കുറുകെയാണ് പാലം നിർമിച്ചിരിക്കുന്നത്. കാല്‍നടയാത്രക്കുള്ള വീതി മാത്രമേ പാലത്തിനുള്ളൂ. ഈ പാലത്തിന്‍റെ പ്രവേശന വഴിയില്‍ വലിയ ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്.

കാലൊന്നു തെറ്റിയില്‍ പുഴയിലോ കുഴിയിലോ വീഴുമെന്ന ഭീതിയിലാണ് യാത്രക്കാർ ഇതുവഴി സഞ്ചരിക്കുന്നത്.

സ്ത്രീകളും കുട്ടികളുമടക്കം പലരും ഈ കുഴിയില്‍ വീണിരുന്നു. ഭാഗ്യം കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. പാലത്തിനോട് ചേർന്നുള്ള പുഴയുടെ ഭാഗം കെട്ടി സംരക്ഷണഭിത്തി നിർമിക്കുകയും സഞ്ചാരയോഗ്യമായ വഴി നിർമിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post