തിരുവനന്തപുരം:ഡിഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍ നിന്ന് 775 കുട്ടികള്‍ രക്ഷപ്പെട്ടെന്ന് കേരള പൊലീസ്.
സംസ്ഥാനത്താകെ ഈ പദ്ധതിയിലേക്ക് ബന്ധപ്പെട്ടത് 1739 പേരാണെന്നും 775 കുട്ടികള്‍ക്ക് പൂർണമായും ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചനം നല്‍കാൻ കഴിഞ്ഞെന്നും പൊലീസ് അറിയിച്ചു. ബാക്കി കുട്ടികളുടെ കൗണ്‍സിലിങ് നടന്ന് വരികയാണ്.
കേരള പൊലീസിന്‍റെ സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ 2023 ജനുവരിയില്‍ ആരംഭിച്ച പദ്ധതിയാണ് ഡിഡാഡ് (ഡിജിറ്റല്‍ ഡിഅഡിക്ഷന്‍). കുട്ടികളിലെ മൊബൈല്‍, ഇന്‍റര്‍നെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണിത്. ദേശീയ തലത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി പൊലീസ് നടപ്പാക്കുന്നത്.
കൗണ്‍സിലിങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കുന്നുണ്ട്. കുട്ടികളുടെ സ്വാഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച് ഡിജിറ്റല്‍ അടിമത്തം കണ്ടെത്താം. അമിത ദേഷ്യം, അക്രമാസക്തരാകല്‍, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കാണ് ഈ പദ്ധതിയിലൂടെ പരിഹാരമുണ്ടാക്കുന്നത്.
Post a Comment