കണ്ണൂര്‍ ജില്ലയില്‍ വ്യാപക സെെബര്‍ തട്ടിപ്പ്; നഷ്ടമായത് 2.32 ലക്ഷം രൂപ

കണ്ണൂർ: ജില്ലയില്‍ വ്യാപകമായി നടന്ന സൈബർ തട്ടിപ്പില്‍ വിവിധയാളുകളില്‍നിന്നായി 2,32,280 രൂപ കവർന്നു. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവർ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രതപുലർത്തേണ്ടതാണെന്ന പോലീസ് മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതാണ് തട്ടിപ്പ് വ്യാപിക്കാൻ കാരണമെന്നാണ് പോലീസ് പറയുന്നത്.

ഓണ്‍ലൈൻ ലോണ്‍ ലഭിക്കാനുള്ള വിവിധ ചാർജുകളാണെന്ന് പറഞ്ഞാണ് കൊളവല്ലൂർ സ്വദേശിയില്‍നിന്ന് 14,404 രൂപ തട്ടിപ്പ് സംഘം കവർന്നത്. കണ്ണൂർ സിറ്റി സ്വദേശിക്ക് 36,560 രൂപ നഷ്ടമായി. ടെലിഗ്രാം വഴി പാർട്ട് ടൈം ജോലി വാഗ്ദാനംചെയ്കാണ് തട്ടിപ്പ്. പ്രതികളുടെ നിർദേശപ്രകാരം വിവിധ ടാസ്കുകള്‍ക്കായി അക്കൗണ്ടുകളിലേക്ക് പണം നല്‍കിയെങ്കിലും നിക്ഷേപിച്ച പണമോ വാഗ്ദാനംചെയ്ത ലാഭമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്.
ഓണ്‍ലൈൻ പണവിനിമയം നടത്താൻ ആക്ടിവേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി യുവാവ് ഒടിപി നല്‍കിയതിനെ തുടർന്ന് കൂത്തുപറമ്ബ് സ്വദേശിക്ക് 19999 നഷ്ടമായി. മേലെചൊവ്വയിലെ യുവാവിന്റെ അറിവോ സമ്മതമോ ഇല്ലാതെ ക്രഡിറ്റ് കാർഡില്‍നിന്ന് തട്ടിപ്പ് സംഘം 1,07,257 രൂപ തട്ടിയെടുത്തു. ട്രാഫിക് ലംഘനത്തിന് പിഴയുണ്ടെന്ന് പറഞ്ഞ് വാട്സാപ്പില്‍ വന്ന സന്ദേശത്തെ തുടർന്ന് ആപ്ലിക്കേഷൻ ഫയലില്‍ ക്ലിക്ക് ചെയ്തപ്പോള്‍ അക്കൗണ്ടില്‍നിന്നും മട്ടന്നൂർ സ്വദേശിക്ക് 22,000 രൂപ നഷ്ടപ്പെട്ടു.
എച്ച്‌ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡില്‍നിന്നാണെന്ന് ഫോണില്‍ വിളിച്ച്‌ പരിചയപ്പെടുത്തിയ തട്ടിപ്പ് സംഘം ക്രെഡിറ്റ് കാർഡിന്റെ സർവീസ് ചാർജ് ഒഴിവാക്കിത്തരാനാണെന്ന് പറഞ്ഞ് കാർഡ് വിവരങ്ങള്‍ കൈക്കലാക്കുകയും വളപട്ടണം സ്വദേശിയുടെ 17,500 രൂപ തട്ടിയെടുക്കുകയുംചെയ്തു.

Post a Comment

Previous Post Next Post