ഏതാനും വർഷങ്ങള്‍ പുറകിലോട്ട് പോയാല്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച കാലാവസ്ഥയുള്ള സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം.
എന്നാല്‍ ഇപ്പോള്‍ വേനല്‍ക്കാലത്തിന്റെ തുടക്കത്തിന് മുൻപേ തന്നെ കടുത്ത ചൂടാണ് കേരളം നേരിടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തില്‍ വേനലിന്റെ ദൈർഘ്യം കൂടി വരികയാണ്. ഒപ്പം താപനിലയിലും വൻവർദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. മഴ കുറയുകയും ചൂട് വർദ്ധിക്കുകയും ചെയ്യുന്നത് കേരളത്തിന്റെ കാലാവസ്ഥയെ കുറിച്ച് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഈ വർഷവും കേരളത്തില്‍ അസാധാരണമായ വിധം നേരത്തെ വേനല്‍ ആരംഭിച്ചിരിക്കുകയാണ്.
പ്രാദേശിക കാലാവസ്ഥയും ദീർഘകാല കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങളും ആണ് ഇത്തരത്തില്‍ ഒരു കാലാവസ്ഥ മാറ്റത്തിന് കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ഫെബ്രുവരി അവസാനത്തോടെ തന്നെ കേരളത്തില്‍ മുൻ വർഷങ്ങളേക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ താപനില റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വേനലിലേക്ക് കടക്കുന്നതിനു മുൻപ് തന്നെ പാലക്കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടാൻ ആരംഭിച്ചു കഴിഞ്ഞു. മലയാളികള്‍ക്കിടയില്‍ കടുത്ത ആശങ്കയാണ് ഈ ചൂട് സൃഷ്ടിക്കുന്നത്.
അറബിക്കടലിലും ഇന്ത്യൻ ഭൂഖണ്ഡത്തിന്റെ പല ഭാഗങ്ങളിലും ഉയർന്ന മർദ്ദ സംവിധാനമുള്ളതായി വിദഗ്ധർ വിലയിരുത്തുന്നു. ഈ ഉയർന്ന മർദ്ദം കാറ്റിന്റെ തണുപ്പിക്കല്‍ പ്രഭാവത്തെ തടയുകയും ഉയർന്ന ആർദ്രതയുമായി സംയോജിപ്പിച്ച് താപനില ഉയർത്തുകയും ചെയ്യുന്നതാണ് ഇത്തരത്തില്‍ ചൂട് വർദ്ധിക്കാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എല്‍ നിനോ പ്രതിഭാസത്തിന്റെ നീണ്ടുനില്‍ക്കുന്ന പ്രത്യാഘാതങ്ങളും കേരളത്തിലെ കാലാവസ്ഥ മാറ്റത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ഫെബ്രുവരിയുടെ തുടക്കത്തില്‍ തന്നെ ഈ കാലാവസ്ഥ മാറ്റങ്ങള്‍ കേരളത്തില്‍ ദൃശ്യമായിരുന്നു. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും ശൈത്യത്തില്‍ നിന്നും മോചിതമാകാത്തപ്പോഴും കേരളത്തില്‍ കടുത്ത ചൂടായിരുന്നു ഫെബ്രുവരിയില്‍ അനുഭവപ്പെട്ടിരുന്നത്. ഫെബ്രുവരി ആദ്യ ആഴ്ചയില്‍ തന്നെ വിവിധ ജില്ലകളില്‍ ഉയർന്ന താപനില രേഖപ്പെടുത്തി. കണ്ണൂരും കോട്ടയവുമാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ പ്രധാന ജില്ലകള്‍. അതേസമയം തന്നെ മൂന്നാർ പോലെയുള്ള മേഖലകളില്‍ മുൻവർഷങ്ങളെ അപേക്ഷിച്ച് ശൈത്യവും വർദ്ധിച്ചു. മാർച്ച് ആദ്യ വാരമായതോടെ തെക്കൻ ജില്ലയായ തിരുവനന്തപുരത്ത് അസാധാരണമായ മഴ ലഭിക്കുകയും മറ്റു ജില്ലകളില്‍ താപനില വർദ്ധിക്കുകയും ചെയ്തു.
Post a Comment