കണ്ണൂരില്‍ സ്വകാര്യ ബസില്‍ നിന്നും തോക്കിൻ തിരകള്‍ കണ്ടെത്തിയ സംഭവം; ഒരാള്‍ കസ്റ്റഡിയില്‍


കണ്ണൂർ: കൂട്ടുപുഴയില്‍ സ്വകാര്യ ബസില്‍ നിന്ന് 150 തോക്കിൻ തിരകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍.
ബസിലെ യാത്രക്കാരനായ ഉളിക്കല്‍ സ്വദേശിയെയാണ് ഇരിട്ടി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കുടക് ജില്ലയിലെ വിരാജ്പേട്ടയില്‍ നിന്ന് കണ്ണൂരിലേക്ക് വന്ന ബസിന്‍റെ ബർത്തില്‍ ബാഗിനുള്ളില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലാണ് ഇന്നലെ വൈകിട്ട് തിരകള്‍ കണ്ടെത്തിയത്.

കസ്റ്റഡിയില്‍ ഉള്ളയാള്‍ തന്നെയാണോ കൊണ്ടുവന്നത് എന്നറിയാൻ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു. പോലീസ് ആവശ്യപ്പെടുമ്ബോള്‍ ഹാജരാകാൻ നിർദേശിച്ചു.

എക്സൈസ് പരിശോധനയില്‍ കണ്ടെത്തിയ തിരകള്‍ പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. ഇരിട്ടി ഡിവൈഎസ്പി ധനഞ്ജയ ബാബുവിന്‍റെ നിർദേശപ്രകാരം എത്തിയ പോലീസ് സംഘം ബസ് യാത്രക്കാരെയടക്കം കസ്റ്റഡിയിലെടുത്ത് ഇരിട്ടി സ്റ്റേഷനിലേക്ക് മാറ്റി.

എക്സൈസ് സംഘം പിടികൂടിയ തിരകളും പൊലീസിന് കൈമാറി. ഡോഗ് സ്ക്വാഡെത്തിയാണ് പരിശോധന നടത്തിയത്.

Post a Comment

Previous Post Next Post