ഏപ്രിൽ ഒന്ന് മുതൽ, ഗൂഗിൾ പേ, ഫോൺ പേ, പേടിഎം പോലുള്ള ആപ്പുകൾ വഴി യു.പി.ഐ പേയ്മെന്‍റ് നടത്തുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് നാഷനൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ).
യു.പി.ഐയുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറുകൾ വളരെക്കാലമായി സജീവമല്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യുമെന്ന് നാഷനൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) പ്രഖ്യാപിച്ചു. ബാങ്ക് അക്കൗണ്ടുകൾ നിഷ്‌ക്രിയമായ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ അവ പ്രവർത്തിക്കില്ല. സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
പുനരുപയോഗിച്ചതോ മാറ്റിയതോ ആയ നമ്പറുകൾ നീക്കം ചെയ്യുന്നതിനായി മാർച്ച് 31 ന് മുമ്പ് ബാങ്കുകളും പേയ്‌മെന്റ് സേവന ദാതാക്കളും (പി.എസ്.പി) അവരുടെ ഡാറ്റാബേസുകൾ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എൻ.പി.സി.ഐ അറിയിച്ചു.
ഉപയോക്താക്കൾ അവരുടെ നമ്പറുകൾ മാറ്റുകയോ നിർജീവമാക്കുകയോ ചെയ്യുമ്പോഴും യു.പി.ഐ അക്കൗണ്ടുകൾ പലപ്പോഴും പഴയ നമ്പറിൽ തുടരുന്നു. ടെലികോം ദാതാക്കൾ ഈ നമ്പറുകൾ മറ്റൊരാൾക്ക് നൽകുമ്പോൾ തട്ടിപ്പിനുള്ള സാധ്യത വർധിക്കുന്നു. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുകയും അത്തരം അപകടസാധ്യതകളിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുന്നതിനാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.
*ആരൊക്കയാണ് ബാധിക്കുക?*
* കോളുകൾ, എസ്.എം.എസുകൾ, ബാങ്കിങ് അലേർട്ടുകൾ എന്നിവക്കായി വളരെക്കാലമായി ഉപയോഗിക്കാത്ത നമ്പറുകളുള്ള ഉപയോക്താക്കൾ
* ബാങ്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാതെ നമ്പർ സറണ്ടർ ചെയ്ത ഉപയോക്താക്കൾ
* പഴയ നമ്പർ മറ്റൊരാൾക്ക് വീണ്ടും നൽകിയ ഉപയോക്താക്കൾ എന്നിവരെ
*നിങ്ങളുടെ യു.പി.ഐ എങ്ങനെ സജീവമായി നിലനിർത്താം?*
* കുറച്ചു കാലമായി റീചാർജ് ചെയ്യാത്ത നിങ്ങളുടെ മൊബൈൽ നമ്പർ ടെലികോം ദാതാവിനെ (ജിയോ, എയർടെൽ, വിഐ, ബി.എസ്.എൻ.എൽ പോലുള്ളവ) ബന്ധപ്പെട്ട് സജീവമാണോ എന്ന് പരിശോധിക്കുക.
* നിങ്ങളുടെ ബാങ്കിൽ നിന്ന് എസ്.എം.എസ് അലേർട്ടുകളും ഒ.ടി.പി കളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
* നെറ്റ് ബാങ്കിങ്, യു.പി.ഐ ആപ്പുകൾ, എ.ടി.എമ്മുകൾ എന്നിവയിലൂടയോ നിങ്ങളുടെ ബാങ്ക് സന്ദർശിച്ചോ യു.പി.ഐ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക
Post a Comment