മീശ പിരിച്ച് കണ്ണുരുട്ടുന്ന പോലീസ് മാമൻമാരെ കാണാൻ തടിക്കടവ് ഗവ.ഹൈസ്കൂളിലെ പ്രീ-പ്രൈമറി കുട്ടികൾ ആലക്കോട് പോലീസ് സ്റ്റേഷനിൽ എത്തി

  


തടിക്കടവ്: മീശ പിരിച്ച് കണ്ണുരുട്ടുന്ന പോലീസ് മാമൻമാരെ കാണാനെത്തിയ കുഞ്ഞു കണ്ണുകൾക്ക് മുന്നിൽ നിറയെ കാണാൻ കിട്ടിയത് കഥ പറയുന്ന പോലീസ് മാമൻമാരെ. പോലീസ് സ്റ്റേഷൻ കാണാനാണ് പോകുന്നതെന്നു അധ്യാപിക വി.എം.ഹാജിറയും കെ.ആർ.ഉഷസ്സും പറഞ്ഞപ്പോൾ പലരുടെയും കണ്ണുകളിൽ നേരിയ ഭയമുണ്ടായിരുന്നു.തടിക്കടവ് ഗവ.ഹൈസ്കൂളിലെ പ്രീ-പ്രൈമറി കുട്ടികളാണ് വെള്ളിയാഴ്ച ആലക്കോട് പോലീസ് സ്റ്റേഷൻ കാണാൻ പോയത്. പേടിച്ച് പേടിച്ച് സ്റ്റേഷൻ വാതിൽ കടന്നവർക്ക് കുറച്ച് സമയമേ മിണ്ടാപ്പൂച്ചകളായി നിൽക്കാൻ കഴിഞ്ഞുള്ളു. പൊലീസ് മാമൻമാർ കൈനിറയെ ചോക്ലേറ്റ് നൽകിയപ്പോൾ എല്ലാവരും അയഞ്ഞു. പിന്നെ പാട്ടായി, കലപിലയായി. ചിലർ വീട്ടുകാര്യങ്ങളും പറഞ്ഞു തീർത്തു. അച്ഛനും അമ്മയും അധ്യാപകരും പറഞ്ഞു തന്ന പോലീസേയല്ല തങ്ങൾ കണ്ടവരെന്ന് മനസ്സിലായപ്പോൾ ചിലർക്ക് തിരിച്ചു പോകാൻ തന്നെ മടി. കൗതുകകരമായ കുഞ്ഞു കാഴ്ചകളാണ് ഒരു മണിക്കൂറോളം നേരം സ്റ്റേഷനിൽ അരങ്ങേറിയത്.

തടിക്കടവ് ഗവ. ഹൈസ്കൂളിലെ 50 പ്രീപ്രൈമറി കുട്ടികളാണ് പോലീസ് സ്റ്റേഷൻ സന്ദർശനത്തിൽ പങ്കെടുത്തത്.

എസ്.ഐമാരായ ജോസ്, എം.കെ.ഷാജി, എ. എസ്.ഐമാരായ ജിൽസ്, സിനിമാ നടൻമാരായ കെ.വി സുരേഷ്, സദാനന്ദൻ ചേപ്പറമ്പ്, മണി, മുനീർ, ബിജു, സിന്ധു മണി, പ്രഥമാധ്യാപകൻ കെ.മുനീർ, ബിജുമോൻ, സി.അജിത, എ.എസ്. തുഷാര എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post