ബാലരാമപുരം കൊലപാതകം;ഹരികുമാറും ശ്രീതുവും തമ്മില്‍ വഴിവിട്ടബന്ധം,വൈരാഗ്യം മൂലം കുഞ്ഞിനെ കിണറ്റിലിട്ടു

ബാലരാമപുരം : കോട്ടുകാല്‍ക്കോണത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവൻ ഹരികുമാർ മാത്രമാണ് പ്രതിയെന്ന് അന്വേഷണസംഘം ഉറപ്പിച്ചു.
കസ്റ്റഡിയിലായിരുന്ന പ്രതി കുറ്റം സമ്മതിച്ചതായും അന്വേഷണസംഘം വെളിപ്പെടുത്തി. പ്രതിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ഹരികുമാറിനെ കോടതി വീണ്ടും റിമാൻഡ് ചെയ്തു.

കഴിഞ്ഞ മാസം 30-ന് പുലർച്ചെയാണ്, അമ്മ ശ്രീതുവിനൊപ്പം ഉറങ്ങിക്കിടന്ന ദേവേന്ദുവിനെ അമ്മാവനായ ഹരികുമാർ എടുത്തുകൊണ്ടുപോയി കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. അമ്മ ശ്രീതു ശുചിമുറിയിലേക്കു പോയ തക്കത്തിനാണ് പ്രതി കുഞ്ഞിനെയെടുത്ത് കിണറ്റിലെറിഞ്ഞത്.

സഹോദരിയോടു തോന്നിയ വൈരാഗ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്ന് ഹരികുമാർ സമ്മതിച്ചതായി അന്വേഷണോദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.

പ്രതി ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നു. 29-ന് രാത്രി ശ്രീതുവിനോട് തന്റെ മുറിയിലേക്കു വരാൻ ഹരികുമാർ വാട്സാപ്പില്‍ സന്ദേശമയച്ചു. ശ്രീതു മുറിയിലെത്തിയെങ്കിലും ദേവേന്ദു കരഞ്ഞതിനാല്‍ ശ്രീതു തിരികെപ്പോയി. തുടർന്നാണ് അടുത്ത ദിവസം പുലർച്ചെ കുഞ്ഞിനെ കിണറ്റിലെടുത്തിട്ടതെന്ന് പ്രതി പോലീസിനോടു പറഞ്ഞു. ഹരികുമാറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിച്ചതിനാല്‍ നെയ്യാറ്റിൻകര കോടതിയില്‍ ഹാജരാക്കി. ഹരികുമാറിനെ കോടതി വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയിലാക്കി.

സാമ്ബത്തികത്തട്ടിപ്പില്‍ ശ്രീതുവിനെതിരേ വീണ്ടും പരാതി

:സാമ്ബത്തികത്തട്ടിപ്പ് കേസില്‍ റിമാൻഡില്‍ കഴിയുന്ന ദേവേന്ദുവിന്റെ അമ്മ ശ്രീതു അന്വേഷണസംഘത്തിനു നല്‍കിയ പീഡനപരാതിയുടെ അടിസ്ഥാനത്തില്‍ പോലീസുകാരനെതിരേ ബാലരാമപുരം പോലീസ് കേസെടുത്തു. പരശുവയ്ക്കല്‍ സ്വദേശി ഗിരീഷ് എന്ന പോലീസുകാരനെതിരേയാണ് കേസെടുത്തത്. ശ്രീതുവിനെ ഗിരീഷ് പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തെന്നുമാണ് പരാതി. ഇയാള്‍ നേരത്തേ എസ്.പി. ഓഫീസിലെ പോലീസുകാരനായിരുന്നു. പോലീസ് കസ്റ്റഡിയിലിരിക്കേയാണ് ശ്രീതു ഗിരീഷിനെതിരേ പരാതി പറഞ്ഞത്. ബാലരാമപുരം പോലീസാണ് ഗിരീഷിനെതിരേ കേസെടുത്തത്.

പോലീസുകാരനെതിരേ കേസെടുത്തെങ്കിലും കൂടുതല്‍ അന്വേഷണം നടത്തിയാലേ തുടർനടപടികള്‍ സ്വീകരിക്കാനാകൂവെന്ന് ബാലരാമപുരം പോലീസ് ഇൻസ്പെക്ടർ ധർമജിത്ത് പറഞ്ഞു. ഇതിനിടെ, ശ്രീതു ജോലി വാഗ്ദാനംചെയ്ത് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്നു പറഞ്ഞ് രതീഷ് എന്നയാള്‍ പോലീസില്‍ പുതിയ പരാതി നല്‍കി. കളക്ടറേറ്റില്‍ ജോലി സംഘടിപ്പിക്കാമെന്നു പറഞ്ഞാണ് ശ്രീതു പണം വാങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീതുവിനെതിരേ മറ്റൊരു കേസ് എടുത്തതായി പോലീസ് പറഞ്ഞു. ഈ കേസില്‍ കൂടുതല്‍ ചോദ്യംചെയ്യലിനായി ശ്രീതുവിനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ഇൻസ്െപക്ടർ ധർമജിത്ത് പറഞ്ഞു.

Post a Comment

Previous Post Next Post