ഇലവെച്ച്‌ സി.സി.ടിവി കാമറ മറച്ചു, തൂവാല കൊണ്ട് മുഖവും; പക്ഷേ, എല്ലാ നീക്കവും പൊളിച്ച്‌ കുതിച്ചെത്തി പൊലീസ് ജീപ്പ്, ജീവനുംകൊണ്ടോടി എ.ടി.എം മോഷ്ടാവ്

ഇരിക്കൂർ: സമയം ഇന്നലെ അർധരാത്രി 12.45. ഇരിക്കൂർ ബസ്‍സ്റ്റാൻഡിന് എതിർവശത്തുള്ള കനറാ ബാങ്കിന്റെ എ.ടി.എമ്മിന് മുന്നില്‍ തൂവാല കൊണ്ട് മുഖം മറച്ചൊരാള്‍ പതുങ്ങിയെത്തി.
പരിസരത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയായിരുന്നു വരവ്. എ.ടി.എം കൗണ്ടറിന് പുറത്തുള്ള സി.സി.ടി.വി കാമറ ഇല ഉപയോഗിച്ച്‌ മറച്ചു. പതിയെ അകത്തുകടന്ന് എ.ടി.എം കുത്തിത്തുറക്കാനുള്ള ശ്രമം ആരംഭിച്ചു. നൊടിയിടക്കുള്ളില്‍ പുറത്ത് ഒരു ജീപ്പ് ഇരമ്ബിയെത്തുന്ന ശബ്ദം. നോക്കിയപ്പോള്‍ പൊലീസ് ജീപ്പ്. പിന്നെ, ഒന്നും നോക്കിയില്ല ഓടെടാ ഓട്ടം. 

പൊലീസ് പിന്നാലെ ഓടിയെങ്കിലും കള്ളൻ കുറ്റിക്കാട്ടിലൂടെ അതിവേഗം ഓടി മറഞ്ഞു. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊർജിതമാക്കിയതായി ഇരിക്കൂർ പൊലീസ് പറഞ്ഞു. ക്യാമറ മറക്കാനുള്ള ശ്രമത്തിനിടെ സെൻസർ പ്രവർത്തിച്ച് ബാങ്കിലെ അലാം മുഴങ്ങുകയായിരുന്നു. ഇതോടെ വിവരമറിഞ്ഞാണ് പൊലീസ് ഓടിയെത്തിയത്. മോഷണ ശ്രമം നടന്ന എ.ടി.എമ്മില്‍നിന്ന് വിളിപ്പാടകലെയാണ് പൊലീസ് സ്റ്റേഷൻ. ഇതും പെട്ടെന്ന് എത്താനും കവർച്ച തടയാനും സഹായകമായി. 


Post a Comment

Previous Post Next Post