വയനാട് ഉരുള്‍പൊട്ടല്‍: ഒന്നാംഘട്ട പുനരധിവാസ പട്ടികയ്ക്ക് അംഗീകാരം


കല്‍പ്പറ്റ: വയനാട് ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരില്‍ പുനരധിവസിപ്പിക്കേണ്ടവരുടെ ഒന്നാംഘട്ട പട്ടികയ്ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരം.
കരടു പട്ടികയില്‍നിന്നുള്ള 235 പേരും പരാതികളുടെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തിയ ഏഴുപേരുമടക്കം 242 പേരാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പട്ടിക. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവർ, വാടകയ്ക്ക് താമസിച്ചിരുന്നവർ, പാടികളില്‍ താമസിച്ചിരുന്നവർ എന്നിവരാണ് ഈ പട്ടികയിലുള്ളത്. മറ്റു സ്ഥലങ്ങളില്‍ വീട് ഇല്ലാത്തവരാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ദുരന്ത മേഖലയില്‍ ഉള്‍പ്പെട്ടതും നാശനഷ്ടം സംഭവിച്ചിട്ടില്ലാത്തതുമായ വീടുകള്‍, ദുരന്ത മേഖലയിലൂടെ മാത്രം എത്തിപ്പെടാവുന്ന വീടുകള്‍, ദുരന്തം മൂലം ഒറ്റപ്പെട്ട വീടുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാവും രണ്ടാംഘട്ട പട്ടിക. 

നാശം സംഭവിച്ച വീടുകളുടെ ഉടമസ്ഥർക്ക് മറ്റെവിടെയെങ്കിലും താമസയോഗ്യമായ വീടില്ലെങ്കില്‍ മാത്രമേ പുനരധിവാസത്തിന് അർഹതയുണ്ടാവൂ. മറ്റെവിടെയെങ്കിലും വീട് ഉണ്ടെങ്കില്‍, വീടുകളുടെ നാശനഷ്ടത്തിന് നാല് ലക്ഷം രൂപ നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം നഷ്ടപരിഹാരം അനുവദിക്കും.

അന്തിമ പട്ടികയെപ്പറ്റി പരാതിയുണ്ടെങ്കില്‍ ദുരന്ത നിവാരണ വകുപ്പിനു നല്‍കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post