ആടാംപാറയിലും പാടാംകവലയിലും കാടിന് തീപ്പിടിച്ചു

പയ്യാവൂർ: ആടാംപാറയിലും പാടാംകവലയിലും കാടിന് തീപ്പിടിച്ചു. ആടാംപാറയിലെ തീ നിയന്ത്രണവിധേയമായതിനു പിന്നാലെ ഇന്നലെ ഉച്ചയ്ക്ക് പാടാംകവലയില്‍ വിവിധ ഭാഗങ്ങളില്‍ തീ പിടിത്തമുണ്ടായി.
അച്ചൻമുക്കിലെ തുളുവനാനിക്കല്‍ മാത്തച്ചന്‍റെ എസ്റ്റേറ്റിലാണ് ആദ്യം തീപടർന്നത്. പിന്നീട് പല ഭാഗങ്ങളിലായി തീ വ്യാപിക്കുകയായിരുന്നു. ഇരിട്ടി അഗ്നിരക്ഷാ സേനയെത്തി തീ അണക്കുകയാണ്.

പഞ്ചായത്ത് പ്രസിഡന്‍റ് സാജുസേവ്യർ, വാർഡ് മെംബർ ഷീനജോണ്‍ എന്നിവർ സ്ഥലത്ത് ക്യാമ്ബ് ചെയ്ത് തീ പടരാതിരിക്കാൻ വേണ്ട നിർദേശം നല്‍കി. പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ രാത്രിയില്‍ നാട്ടുകാരോട് തീ നിരീക്ഷിക്കാനും കെടുത്താനും എർപ്പാടാക്കിയിട്ടുണ്ട്. പാടാംകവലയിലെ വനംവകുപ്പു ഉദ്യോഗസ്ഥരും വാച്ചർമാരും നാട്ടുകാരും ചേർന്ന് തീ പൂർണമായും അണക്കുകയാണ്.

തിങ്കളാഴ്ച ആടാംപാറ പള്ളിക്ക് സമീപം ഉതുപ്പാൻ കവലയിലും മതിലേരിതട്ടിലും മാടക്കൊല്ലിയിലും കാടിന് തീപ്പിടിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മുന്നിന് അടിക്കാടില്‍ ഉണ്ടായ തീപിടിത്തം ഇന്നലെ രാവിലെ ഒൻപതോടെയാണ് അണയ്ക്കാനായത്. വിവരം ലഭിച്ചതിനെ തുടന്ന് ഇരിട്ടിയില്‍ നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് രാത്രി 12 വരെ തീ കെടുത്താൻ ശ്രമിച്ചെങ്കിലും അണക്കാനായില്ല.

ഇന്നലെ രാവിലെയാണ് നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രണ വിധയമാക്കാനായത്. ഇരിട്ടി അസി. സ്റ്റേഷൻ ഓഫീസർമാരായ മഹ്റൂഫ് വാഴോത്ത്, എൻ.ജി. അശോകൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആടാം പാറയിലും പാടാം കവലയിലും എത്തി തീ നിയന്ത്രണവിധേയമാക്കിയത്. ആടാംപാറയില്‍ തീപിടിച്ച ഭാഗങ്ങള്‍ സജീവ് ജോസഫ് എംഎല്‍എ സന്ദർശിച്ചു.ബ്ലോക്ക് മെംബർ പി.ആർ. രാഘവൻ, വാർഡ് മെംബർ ടി.പി. അഷ്റഫ് എന്നിവരും ഉണ്ടായിരുന്നു.

തീപടരാതിരിക്കാൻ
വ്യാപക കാവല്‍

പാടാം കവലയിലെയും ആടാംപാറയിലെയും തീ പടരാതിരിക്കാൻ കാവല്‍ തുടരുന്നതായി പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്‍റ് സാജുസേവ്യർ വ്യക്തമാക്കി. പാടാംകവലയില്‍ ഉച്ചക്ക് പടർന്ന തീ രാത്രിയോടെ അണച്ചുവെങ്കിലും സ്ഥലത്ത് കാവല്‍ തുടരുകയാണ്. അഗ്നിസേനക്ക് ഉള്‍ക്കാട്ടില്‍ എത്താനുള്ള പ്രയാസം കാരണം നാട്ടുകാരാണ് ഒറ്റക്കെട്ടായി തീ അണച്ചത്. കാവല്‍ നില്‍ക്കുന്നവർക്ക് കാട്ടില്‍ ഭക്ഷണവും എത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും സാജുസേവ്യർ പറഞ്ഞു.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് കാമ്ബസില്‍
വന്‍ തീപിടിത്തം

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് കാമ്ബസില്‍ വന്‍ തീപിടുത്തം, മൂന്നിടങ്ങളിലായി ആറേക്കറോളം സ്ഥലം കത്തിനശിച്ചു. തീ മെഡിക്കല്‍ കോളജ് ഭരണവിഭാഗം ഓഫീസ് കെട്ടിടത്തിന് സമീപത്തേക്ക് പടര്‍ന്നുകയറിയത് പരിഭ്രാന്തി പരത്തി. ശുചീകരണ പ്രവൃത്തികളുടെ ഭാഗമായി തീയിട്ടപ്പോള്‍ കനത്ത കാറ്റില്‍ തീ പടര്‍ന്നുകയറുകയായിരുന്നു. തളിപ്പറമ്ബ് അഗ്നിരക്ഷാ നിലയത്തില്‍ നിന്നും ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.വി. സഹദേവന്‍റെ നേതൃത്വത്തില്‍ എത്തിയ അഗ്നിരക്ഷാ സേന മൂന്ന് മണിക്കൂറിലേറെ ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Post a Comment

Previous Post Next Post