കോഴിക്കോട്: കട്ടിപ്പാറയിൽ എയ്ഡഡ് സ്കൂൾ അധ്യാപികയെ മരിച്ചനിലയിൽ കണ്ടെത്തി . കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. ശമ്പളം കിട്ടാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. താമരശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂളിലെ അധ്യാപികയാണ് അലീന. അസ്വാഭാവിക മരണത്തിന് താമരശ്ശേരി പോലീസ് കേസെടുത്തു.
കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂളിലാണ് ജോലി ചെയ്തിരുന്നത്. അലീനയെ വൈകീട്ട് മൂന്നുമണിയോടെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് സ്കൂളിൽ എത്താത്തതിനെ തുടർന്ന് പ്രധാന അധ്യാപകൻ ടീച്ചറെ പലവട്ടം വിളിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല. തുടർന്ന് പിതാവ് ബെന്നിയെ അറിയിക്കുകയായിരുന്നു. പുറത്തുപോയ ബെന്നി തിരിച്ചെത്തിയപ്പോൾ മകളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
താമരശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിൽ അഞ്ച് വർഷം അധ്യാപികയായി ജോലി ചെയ്തിരുന്നു. ഈ സമയത്ത് അവർ ശമ്പളമൊന്നും നൽകിയിരുന്നില്ലെന്ന് കുടുംബം പറയുന്നു. ജോലിക്കായി പതിമൂന്ന് ലക്ഷം രൂപ ഇവർ രൂപതയ്ക്ക് നൽകിയെന്നും ആറ് വർഷമായിട്ടും സ്ഥിരം നിയമനം ആയിട്ടില്ലെന്നും കുടുംബം പറയുന്നു. കോടഞ്ചേരി സ്കൂളിലെ അധ്യാപകരും മറ്റും സ്വരൂപിച്ച തുകയാണ് ഇവർക്ക് വേതനമായി ലഭിച്ചിരുന്നത്.
13 ലക്ഷം രൂപ നൽകിയാണ് ജോലിയിൽ പ്രവേശിച്ചതെന്ന് കുടുംബം പറഞ്ഞു. എന്നാൽ പോസ്റ്റ് ക്രിയേഷൻ നടക്കുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു.
Post a Comment