മലയോരത്ത് വാഴക്കൃഷിചെയ്ത കർഷകർക്ക് നെഞ്ചിടിപ്പിന്റെ നാളുകൾ.

മലയോരത്ത് വാഴക്കൃഷിചെയ്ത കർഷകർക്ക് നെഞ്ചിടിപ്പിന്റെ നാളുകൾ.

നടുവിൽ : മലയോരത്ത് വാഴക്കൃഷിചെയ്ത കർഷകർക്ക് നെഞ്ചിടിപ്പിന്റെ നാളുകൾ. ഇതുവരെ കണ്ടിട്ടില്ലാത്ത രോഗവും പതിവിൽ കവിഞ്ഞ ചൂടുമാണ് ഇവരെ ആശങ്കയിലാക്കിയത്. വാഴകൾ കുലച്ചുതുടങ്ങുന്ന സമയമാണിത്. ആലക്കോട്, നടുവിൽ, ഉദയഗിരി പഞ്ചായത്തുകളിലെ മലയോരപ്രദേശത്ത് നിരവധി കർഷകർ ആയിരക്കണക്കിന് വാഴക്കൃഷി ചെയ്തിട്ടുണ്ട്. ഉറവവെള്ളം ഹോസ് വഴി കൊണ്ടുവന്ന് താത്‌കാലിക ടാങ്കുകളിൽ ശേഖരിച്ചാണ് നനയ്ക്കുന്നത്. ഇത്തവണ മുൻകാലങ്ങളിൽ ഒന്നുമില്ലാത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതുമൂലം ജലക്ഷാമം രൂക്ഷമായിക്കഴിഞ്ഞു. വാഴകൾ ചൂടിൽ ഉണങ്ങിത്തുടങ്ങിയതായി കർഷകർ പറയുന്നു. മഞ്ഞപ്പുല്ല്, ഫർലോങ്കര, കരാമരംതട്ട്, പാത്തൻപാറ, നരയൻകല്ല്, പൊതിവച്ചതട്ട്, മൈലംപെട്ടി, മാവുഞ്ചാൽ, പൊട്ടൻപ്ലാവ് തുടങ്ങിയ സ്ഥലങ്ങളിലാണ് വാഴക്കൃഷി വ്യാപകമായി ഉള്ളത്.

ആശങ്കയേറ്റി പുതിയ രോഗം
: വാഴകളിൽ പുതിയ രോഗം പ്രത്യക്ഷപ്പെട്ടതാണ് കർഷകരുടെ ആശങ്ക വർധിപ്പിച്ചത്. ഇല ഇളംപച്ചനിറമായി കരിയുന്നതാണ് ലക്ഷണം. ഏതാനും ദിവസങ്ങൾക്കകം കൈയൊടിഞ്ഞു തൂങ്ങും. രോഗം ബാധിച്ചവ വെട്ടി നശിപ്പിക്കുകയേ നിവൃത്തിയുള്ളൂ. പാത്തൻപാറ, കരാമരംതട്ട് പ്രദേശത്താണ് വ്യാപകമായി രോഗം പടർന്നിട്ടുള്ളത്. കൃഷിവകുപ്പ് അധികൃതരെയും ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിലും വിവരം അറിയിച്ചിട്ടുണ്ടെങ്കിലും പ്രതിവിധിയൊന്നുമായില്ല.
പക്ഷികളും കുരങ്ങനും വില്ലന്മാർ
: പന്നിയും കുരങ്ങനും മറ്റ് വന്യജീവികളും വാഴക്കൃഷിക്ക് പ്രധാന വില്ലന്മാരാണ്. നട്ടു തുടങ്ങിയ സമയത്താണ് പന്നികളുടെ ആക്രമണം കൂടുതൽ. വിളയാറായാൽ കുരങ്ങന്മാർ കൂട്ടമായെത്തും. ഏതാനും വർഷങ്ങളായി പക്ഷികളുടെ ശല്യവും വർധിക്കുന്നുണ്ട്.

Post a Comment

Previous Post Next Post