കേരളത്തിലെ നിരത്തുകളില്‍ ഓരോ ദിവസവും പുതിയ വാഹനങ്ങള്‍ കൊണ്ട് നിറയുന്നതായി റിപ്പോർട്ടുകള്‍. കേന്ദ്ര സര്‍ക്കാരിന്റെ ഉപരിതല ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള പരിവാഹന്‍ വെബ്‌സൈറ്റിലെ റിപ്പോർട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2023നെ അപേക്ഷിച്ച് സംസ്ഥാനത്ത് 2024ല്‍ അധികമായി രജിസ്റ്റര്‍ ചെയ്തത് 19,626 വാഹനങ്ങളാണ്. 2025ല്‍ ഇതുവരെയുള്ള കണക്ക് മാത്രം 1.10 ലക്ഷം പിന്നിട്ടുവെന്നാണ് ഔദ്യോഗിക കണക്ക്.
2023ല്‍ മാത്രം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 7.59 ലക്ഷം പുതിയ വാഹനങ്ങളാണ്. 2024ല്‍ ഈ കണക്ക് രണ്ട് ശതമാനം വര്‍ദ്ധനവോടെ 7.78 ലക്ഷമായി ഉയര്‍ന്നു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 87 റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ (ആര്‍ടിഒ) നിന്നുള്ള ഏകോപിപ്പിച്ച കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. രാജ്യത്തുതന്നെ കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിലെ വരുമാനത്തില്‍ അഞ്ചാം സ്ഥാനത്താണ് കേരളം.
നികുതിയും ഫീസും ഉള്‍പ്പെടെ 6099 കോടി രൂപയാണ് ഈയിനത്തില്‍ ലഭിച്ചത്. 2023-നേക്കാള്‍ 8.76 ശതമാനം വര്‍ദ്ധനവ്. സംസ്ഥാനത്ത് പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നതില്‍ കൂടുതലും ഇരുചക്രവാഹനങ്ങളാണ്. കഴിഞ്ഞ വര്‍ഷം (2024) പുറത്തിറങ്ങിയ 7.78 ലക്ഷത്തില്‍ അഞ്ച് ലക്ഷത്തോളം (5.08 ലക്ഷം) ഇരുചക്രവാഹനങ്ങളുണ്ട്. തൊട്ട് മുമ്ബത്തെ വര്‍ഷം ഇത് 4.90 ലക്ഷം ആയിരുന്നു.
പെട്രോള്‍ ഇന്ധനമായുള്ള 5.42 ലക്ഷം വാഹനങ്ങളും 56,494 ഡീസല്‍ വാഹനങ്ങളും നിരത്തിലിറങ്ങി. വൈദ്യുതിമാത്രം ഇന്ധനമാക്കി 60,339 വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. അതേസമയം ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനത്ത് പ്രതിവര്‍ഷം വാഹനങ്ങളുടെ എണ്ണം പെരുകുന്നത് നിലവിലെ റോഡ് സൗകര്യങ്ങള്‍ പര്യാപ്തമല്ലാത്ത സ്ഥിതി കണക്കിലെടുക്കുമ്ബോള്‍ ആശങ്കയും ശക്തമാണ്. തലസ്ഥാന നഗരമായ തിരുവനന്തപുരത്താണ് ഏറ്റവും അധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
Post a Comment