കണ്ണൂര്‍ ഉളിക്കലില്‍ യുവതിയെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി; ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ കേസെടുത്ത് പോലീസ്


കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കലില്‍ യുവതിയെ ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ വയത്തൂര്‍ സ്വദേശി അഖിലിനും ഭര്‍തൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു.
മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചത്.
ഭര്‍ത്താവ് അഖിലും ഭര്‍തൃമാതാവ് അജിതയും യുവതിയെ മുറിയില്‍ പൂട്ടിയിട്ട് മൂന്നുദിവസം മര്‍ദിച്ചെന്നാണ് പരാതി. ചൊവ്വാഴ്ചയാണ് യുവതിയെ മുറിയില്‍ നിന്ന് തുറന്നുവിട്ടത്. 12 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹശേഷം കുടുംബപ്രശ്‌നങ്ങള്‍ സ്ഥിരമായതോടെ യുവതി ഭര്‍ത്താവുമൊന്നിച്ചായിരുന്നില്ല താമസം.
അഖിലിന്റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി തിരിച്ചെത്തിയത്. പിന്നീടും ഇരുവരും തമ്മില്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടായി. കഴുത്തില്‍ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഉളിക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച്‌ പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെല്‍റ്റ് കൊണ്ടും മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്‌ഐആര്‍.

Post a Comment

Previous Post Next Post