തിരുവനന്തപുരം▸ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിലെ പിന്മാറ്റത്തിന്റെ കാരണം പഠിക്കാൻ എംപ്ലോയീസ് ഗാരന്റി കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിന്റെഭാഗമായുള്ള സർവേക്ക് സോഷ്യൽ ഓഡിറ്റ് വിഭാഗം റിസോഴ്‌സ്പേഴ്‌സൺമാരെ ചുമതലപ്പെടുത്തുന്നത് സർക്കാർ പരിഗണനയിലാണ്.
പദ്ധതിയിൽ കേരളത്തിൽ വൻ കൊഴിഞ്ഞുപോക്കാണ്. ഒരുവർഷത്തിനിടെ തൊഴിലുറപ്പിനെ കൈവിട്ടത് 1.43 ലക്ഷം കുടുംബങ്ങളും 1.86 ലക്ഷം തൊഴിലാളികളും. ദേശീയതലത്തിൽ 59 ലക്ഷം, 1.05 കോടി എന്നിങ്ങനെയാണ് കൊഴിഞ്ഞുപോക്കിന്റെ കണക്ക്.
കേരളത്തിലെ തൊഴിലാളികളിൽ 90 ശതമാനവും സ്ത്രീകളാണ്. തൊഴിൽ വേണ്ടെന്നുവെച്ചവരിൽ 60-80 പ്രായത്തിൽപ്പെട്ട സ്ത്രീകളാണ് മുന്നിൽ. മുതിർന്ന തൊഴിലാളികളുടെ മരണവും എണ്ണം കുറയാൻ കാരണമായി. ഭിന്നശേഷിക്കാരുടെ എണ്ണത്തിലും കുറവുണ്ട്: 2023-24ൽ കേരളത്തിൽ 2572 പേർ ഉണ്ടായിരുന്നത് 2024-25ൽ 2306 ആയി കുറഞ്ഞു.
ഒരു കുടുംബത്തിൽനിന്ന് ഒരാൾ മരിക്കുകയോ വിട്ടുപോവുകയോ ചെയ്‌താൽ ആ വീട്ടിൽനിന്ന് പകരം തൊഴിലാളി വരുന്നില്ല. പുതിയ തലമുറയിൽപ്പെട്ടവർക്കും താത്പര്യമില്ല.
🔅 *കുറഞ്ഞകൂലി, കടുത്ത നിബന്ധനകൾ*
വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിപ്പിലുണ്ടായ നിരന്തര വീഴ്ച്‌ചകളെത്തുടർന്ന് തൊഴിലുറപ്പിന് കേന്ദ്രസർക്കാർ വ്യവസ്ഥകൾ കടുപ്പിച്ചിരുന്നു. ഓൺലൈനായി ഹാജർ രേഖപ്പെടുത്താൻ രണ്ടുതവണ വർക്സൈറ്റിൽ തൊഴിലാളികൾ എത്തണം. നിശ്ചിത അളവിൽ സമയത്ത് പണിതീർത്തില്ലെങ്കിൽ കൂലി കുറയ്ക്കും. സോഷ്യൽ ഓഡിറ്റും കടുപ്പിച്ചു.
ഒരുദിവസം മുഴുവൻ ജോലിചെയ്താലും മറ്റുതൊഴിലിനെ അപേക്ഷിച്ച് കൂലി കുറവാണ്. ഇപ്പോൾക്കിട്ടുന്ന കൂലി 346 രൂപയാണ്. കോവിഡിനുശേഷം കൂടുതൽവേതനമുള്ള മറ്റുതൊഴിലിലേക്കും തൊഴിലാളികൾ തിരിഞ്ഞു.
ഏർപ്പെടുത്തുന്ന നിബന്ധനകൾ തൊഴിലുറപ്പ് പദ്ധതി കാര്യമായി നടക്കുന്ന കേരളത്തിന് തിരിച്ചടിയായി. കേരളത്തിൽ 941 ഗ്രാമപ്പഞ്ചായത്തുകളിലായി 20.85 ലക്ഷം സജീവ തൊഴിൽകാർഡുകളും 24.85 ലക്ഷം സജീവ തൊഴിലാളികളുമാണുള്ളത്.
Post a Comment