തിരുവനന്തപുരം:ജനുവരിയിലെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എല്ലാ റേഷൻ കടകളിലുമുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനില്‍.
റേഷൻകടകളില്‍ സ്റ്റോക്ക് ഇല്ലെന്നും കടകള്‍ കാലിയാണെന്നുമുള്ള ചില മാധ്യമവാർത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
ജനുവരിയിലെ ഭക്ഷ്യധാന്യങ്ങള്‍ രണ്ടുദിവസത്തിനകം റേഷൻ കാർഡുടമകള്‍ കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു. ഈ മാസത്തെ റേഷൻ വിതരണത്തെ സംബന്ധിച്ച് ജില്ലാ സപ്ലൈ ഓഫീസർമാരുടെയും താലൂക്ക് സപ്ലൈ ഓഫീസർമാരുടെയും യോഗം ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചുചേർത്തു.
ജനുവരിയിലെ റേഷൻ വിതരണത്തിന്‍റെ പുരോഗതി അവലോകനം ചെയ്തു. റേഷൻ വിതരണത്തിന്‍റെ തോത് കഴിഞ്ഞ മാസത്തേക്കാള്‍ കുറവുള്ള ജില്ലകളില്‍ വിതരണം വർധിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നല്‍കി.
ഭക്ഷ്യധാന്യങ്ങളുടെ വാതില്‍പടി വിതരണത്തിന്‍റെ പ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രി നിർദ്ദേശിച്ചു. വയനാട് ജില്ലയില്‍ 81.57 ശതമാനവും മലപ്പുറത്ത് 80 ശതമാനവും കാസർഗോഡ് 77.7 ശതമാനവും പേർ ജനുവരിയിലെ റേഷൻ വിഹിതം കൈപ്പറ്റി. വാതില്‍പടി വിതരണത്തിലെ കരാറുകാരുടെ സമരം പിൻവലിച്ചതിനാല്‍ തിങ്കളാഴ്ച മുതല്‍ എല്ലാ ജില്ലകളിലും വേഗത്തില്‍ വിതരണം നടന്നുവരുന്നു.
ഫെബ്രുവരിയിലെ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങളാണ് ഇപ്പോള്‍ റേഷൻ കടകളിലേക്ക് വാതില്‍പടിയായി എത്തിച്ചുകൊണ്ടിരിക്കുന്നത്. റേഷൻവ്യാപാരികളുടെ കടയടപ്പ് സമരം പിൻവലിച്ചിട്ടും സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളും തുറന്നു പ്രവർത്തിക്കുന്നില്ല എന്ന മാധ്യമ വാർത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വസ്തുത സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന റേഷനിംഗ് കണ്‍ട്രോളറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
മതിയായ കാരണങ്ങളില്ലാതെ ലൈസൻസിക്ക് റേഷൻകട അടച്ചിടുന്നതിന് അവകാശമില്ലെന്നും റേഷൻവിതരണം തടസ്സപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയും അച്ചടക്ക ലംഘനമായി കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡിസംബറിലെ കമ്മീഷൻ എല്ലാ വ്യാപാരികളുടെയും അക്കൗണ്ടുകളിലേക്ക് കൈമാറിയതായും മന്ത്രി അറിയിച്ചു.
Post a Comment