അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തി വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു


പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തി വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
ആനക്കര ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെള്ളിയാഴ്ചയാണ് സംഭവം. അടുത്ത ദിവസം ചേരുന്ന പിടിഎ മീറ്റിങ്ങില്‍ തുടര്‍ നടപടികള്‍ ആലോചിക്കും. സംഭവത്തില്‍ അധ്യാപകര്‍ തൃത്താല പൊലീസില്‍ പരാതി നല്‍കി.

സ്‌കൂളില്‍ മൊബൈല്‍ കൊണ്ട് വരരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച്‌ മൊബൈലുമായി വന്ന വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പിടിച്ചു. ഫോണ്‍ അധ്യാപകന്‍, പ്രധാന അധ്യാപകന്റെ കൈവശം ഏല്‍പ്പിച്ചു. ഇത് ചോദിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥി പ്രധാന അധ്യാപകന്റെ മുറിയില്‍ എത്തിയത്. തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവന്‍ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥിയുടെ ഭീഷണി.

അധ്യാപകന്‍ മൊബൈല്‍ ഫോണ്‍ കൊടുക്കാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച്‌ തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകന്‍ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി. തൃത്താല പൊലീസില്‍ പരാതി നല്‍കുമെന്ന് അധ്യാപകര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post