കൊച്ചി: ചേന്ദമംഗലത്ത് ഒരുവീട്ടിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ ആക്രമണത്തിന്റെ കാരണം വ്യക്തമാക്കി പ്രതി ഋതു ജയൻ. തന്നെയും തന്റെ വീട്ടുകാരേയും കളിയാക്കിയതിനെ തുടർന്നാണ് താൻ ആക്രമണത്തിന് മുതിർന്നത് എന്നാണ് ഋതു പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇയാൾ ഇപ്പോൾ വടക്കേകര പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. കൊലപാതകം നടത്തിയ സമയത്ത് ഋതു ലഹരിയിൽ ആയിരുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
രക്തസാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിർമാണത്തൊഴിലാളിയായി ജോലിചെയ്യുന്ന ഋതു ജയൻ (27) കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് വന്നത്. കഴിഞ്ഞദിവസം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഋതുവിനെ കൂട്ടുകാട് വെച്ച് പോലീസ് തടഞ്ഞ് നിർത്തുകയായിരുന്നു. സിഗരറ്റ് കത്തിച്ച് ഹേൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചതിനായിരുന്നു പോലീസ് കൈകാണിച്ചത്.
തുടർന്ന് ബൈക്ക് നിർത്തി ഇറങ്ങിവന്ന ഋതു ഒരു കൂസലുമില്ലാതെ താൻ നാല് പേരെ കൊന്നുവെന്ന് പോലീസിനോട് പറഞ്ഞു. എന്നാൽ കമ്പിവടി, കത്തി എന്നിവകൊണ്ട് നാല് പേരെ ആക്രമിച്ച ഋതുവിന്റെ വസ്ത്രത്തിൽ രക്തപ്പാടുകളൊന്നും ഇല്ലായിരുന്നു. തുടർന്ന് വടക്കേക്കര പോലീസ് സ്റ്റേഷനിലെത്തിച്ച ഋതു ശാന്തസ്വഭാവക്കാരനായാണ് കാണപ്പെട്ടത്. ചോദിക്കുന്നതിന് മാത്രമാണ് ഇയാൾ ഉത്തരം നൽകിയത്.
തങ്ങളെ ശല്യപ്പെടുത്തി എന്നാരോപിച്ച് അയൽവീട്ടുകാർ കഴിഞ്ഞ നവംബറിൽ ഋതുവിനെതിരെ പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ അതിലൊന്നും നടപടിയുണ്ടായില്ല. പോലീസ് വിളിച്ചുവരുത്തിയ ഋതുവിന് മാനസിക ചികിത്സ നൽകാമെന്ന അച്ഛന്റെ ഉറപ്പിൽ വിട്ടയക്കുകയായിരുന്നു. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ കൃത്യമായ ഇടവേളകളിൽ ഇയാളെ നിരീക്ഷിച്ചിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്.
വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരാണ് അക്രമിയുടെ അടിയേറ്റ് മരിച്ചത്. വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിനെ (35) തലയ്ക്ക് അടിയേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളം ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്.
Post a Comment