ജയില്‍ അധികൃതര്‍ മുടി മുറിച്ചു; മാനസികനില താളം തെറ്റി യൂട്യൂബര്‍ മണവാളൻ ആശുപത്രിയില്‍

കേരളവര്‍മ കോളജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള യൂട്യൂബര്‍ മണവാളന്റെ മുടി തൃശൂർ ജില്ലാ ജയില്‍ അധികൃതർ മുറിച്ചു മാറ്റി.
മുടി മുറിച്ചുമാറ്റിയതോടെ മുഹമ്മദ് ഷഹീൻ ഷായെ തിരിച്ചറിയാൻ പോലും പറ്റാത്ത നിലയായി. ഇതോടെ മാനസികനില താളം തെറ്റിയതിനെ തുടർന്ന് മണവാളനെ തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു ജയില്‍ അധികൃതരുടെ നടപടി. സംഭവത്തില്‍ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

മുഹമ്മദ് ഷഹീന്‍ ഷാ പത്ത് മാസമായി ഒളിവിലായിരുന്നു. പത്ത് മാസത്തിന് ശേഷം കുടകില്‍ നിന്ന് തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസാണ് മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന്‍ ഷായെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്.

ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേരളവര്‍മ്മ കോളജ് റോഡില്‍ വച്ച്‌ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളജ് വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ മുഹമ്മദ് ഷഹീന്‍ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്.

Post a Comment

Previous Post Next Post