ചെമ്പേരി മേള ഒറോത ഫെസ്റ്റ് ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ




ചെമ്പേരി: വൈ എം സി എ ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 31 മുതൽ ഫെബ്രുവരി 11 വരെ നടക്കുന്ന ചെമ്പേരി മേള ഒറോത കാർഷിക ഫെസ്റ്റ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ചെമ്പേരി ബസ് സ്റ്റാൻഡിന് സമീപം പുഴയോരത്തെ മൂന്നര ഏക്കർ സ്ഥലത്താണ് രണ്ടാഴ്ചയിലേറെയായി മേളക്കായുള്ള ഒരുക്കങ്ങൾ നടക്കുന്നത്.
മേളയുടെ ഭാഗമായി ഇവിടെ സജ്ജമാക്കുന്ന അമ്യൂസ്മെന്റ് പാർക്കിൽ കേരളത്തിൽ ലഭ്യമായ ഏറ്റവും വലിയ മരണക്കിണർ, ജയന്റ് വീൽ എന്നിവ സ്ഥാപിച്ചു കഴിഞ്ഞു കാർഷിക പ്രദർശനത്തിനായുള്ള പവലിയനുകൾ സ്റ്റാളുകൾ എന്നിവയുടെ നിർമ്മാണ പ്രവർത്തികളും അന്തിമഘട്ടത്തിലാണ്. ഫ്ലവർ ഷോ പ്രോട്ടീൻ എന്നിവയുടെ സജ്ജീകരണങ്ങളും നടക്കുന്നുണ്ട്. ചെമ്പേരി ലൂർദ് മാതാ ബസ്സിലേക്ക് 11 ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് ഫെബ്രുവരി ഒന്നിന് കൊടിയേറും. ബസിലിക്കയായി ഉയർത്തപെട്ടതിന് ശേഷം ആദ്യത്തെ തിരുനാൾ ആയതിനാൽ പൂർവാധികം ഗംഭീരമാക്കാൻ ആണ് ഇടവക സമൂഹത്തിന്റെ തീരുമാനം. തിരുനാൾ ആഘോഷങ്ങളുടെ വിപുലമായ തയ്യാറെടുപ്പുകളും ഇടവക കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി വരുന്നുണ്ട്. ഒറോത കാർഷിക ഫെസ്റ്റിന്റെ 12 ദിവസങ്ങളിലെ വിവിധ പരിപാടികളുടെ പ്രോഗ്രാം പോസ്റ്റർ രമേശ് ചെന്നിത്തല എംഎൽഎ പ്രകാശനം ചെയ്തു. ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ സന്ദർശനം നടത്തിയ ചെന്നിത്തല ബസിലിക്ക അങ്കണത്തിൽ ചേർന്ന ചടങ്ങിൽ ബസിലിക്ക റെക്റ്റർ റവ ഡോ. ജോർജ് കാഞ്ഞിരക്കാട്ടിന് പോസ്റ്റർ നൽകിയാണ് പ്രകാശനം നിർവഹിച്ചത്. മാർപാപ്പ നേരിട്ട് കൽപ്പിച്ചു നൽകിയ ബസിലിക്ക പദവി ചെമ്പേരി നാടിനും കേരള സമൂഹത്തിന് മുഴുവനും അഭിമാനകരമാണെന്നും പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ചെമ്പേരി ഇടവകയിലെ തിരുനാളിന് ഇരട്ടിമധുരമായി മലയോരത്തെ കർഷകർക്കൊപ്പം എല്ലാ വിഭാഗം ജനങ്ങൾക്കും ഉത്സവാഘോഷത്തിന്റെ സന്തോഷം പ്രദാനം ചെയ്യുന്ന മഹാമേള ആയിരിക്കും ഒറോത ഫെസ്റ്റ് എന്ന് അദ്ദേഹം പറഞ്ഞു. സംഘാടക സമിതി മുഖ്യരക്ഷാധികാരികളായ സജീവ് ജോസഫ് എംഎൽഎ, സഹരക്ഷാധികാരിയും എരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ടുമായ മിനി ഷൈബി, സംഘാടകസമിതി ചെയർമാനും വിമൽജ്യോതി എൻജിനീയറിങ് കോളേജ് മാനേജറുമായ ഫാദർ ജെയിംസ് ചെല്ലങ്കോട്ട്, വൈഎംസിഎ ചെമ്പേരി യൂണിറ്റ് പ്രസിഡണ്ട് ജോമി ജോസ് ചാലിൽ, ജനറൽ കൺവീനർ ഷാജി വർഗീസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.



Post a Comment

Previous Post Next Post