പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്ര കരുവഞ്ചാലില്‍ 25ന് തുടക്കമാകും; കെസി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും

ആലക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻനയിക്കുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ മലയോര സമര പ്രചരണ യാത്ര കരുവഞ്ചാലില്‍ വെച്ച്‌ ജനുവരി 25ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കെ.സി.

വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും.പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സംസ്ഥാന യുഡിഎഫ് കമ്മിറ്റി നേതൃത്വം നല്‍കുന്ന ഒരു യാത്ര കണ്ണൂരില്‍ ആരംഭിക്കുന്നത്.വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം ഉണ്ടാക്കുക, ബഫർസോണ്‍ വിഷയത്തില്‍ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് സംസ്ഥാന യുഡിഎഫ് കമ്മിറ്റി യാത്ര സംഘടിപ്പിക്കുന്നത്.

കാർഷിക മേഖലയിലെ നിരവധിയായ പ്രശ്നങ്ങളെ മുൻനിർത്തിക്കൊണ്ട് ക്രിയാത്മകമായ പരിഹാരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഇത്തരത്തില്‍ ഒരു സമര പ്രചാരണ യാത്ര ആരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരൻ എംപി അധ്യക്ഷതവഹിക്കും. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. യാത്ര 25ന് ആരംഭിച്ച 27ന് 3 മണിക്ക് ആറളത്തെയും, 5 മണിക്ക് കൊട്ടിയൂരിലെയും സ്വീകരണ സ്ഥലങ്ങള്‍ പിന്നിട്ട് വയനാട്ടിലേക്ക് കടക്കും. 

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് സംസ്ഥാന കണ്‍വീനർ എം എം ഹസ്സൻ, വിവിധ ഘടകകക്ഷി നേതാക്കളായ മോൻസ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സിപി ജോണ്‍, ജി ദേവരാജ്, മാണി സി കാപ്പൻ , രാജൻ ബാബു, കെസി ജോസഫ്, സജിവ് ജോസഫ്, സണ്ണിജോസഫ് തുടങ്ങിപ്രമുഖനേതാക്കള്‍ പങ്കെടുക്കും .യാത്ര വമ്പിച്ച വിജയമാക്കാൻ ആവശ്യമായമുന്നൊരുക്കങ്ങള്‍ പൂർത്തിയായി.

Post a Comment

Previous Post Next Post