കർണ്ണാടക: യെല്ലാപുരയില്‍ പച്ചക്കറി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 10 പേർക്ക് ദാരുണാന്ത്യം. 9 പേര്‍ അപകട സ്ഥലത്തു വച്ചും ഒരാള്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
ഉത്തര കന്നഡ ജില്ലയിലെ യെല്ലപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹാവേരി - കുംത്ത ദേശീയ പാത 65ല്‍ അതിരാവിലെ 5 മണിയോടെയാണ് സംഭവം. അപകടത്തില്‍ 16 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സാവന്നരൂല്‍ നിന്നു പച്ചക്കറികളും പഴങ്ങളുമായി കുംത മാര്‍ക്കറ്റിലേക്കു വരികയായിരുന്ന ലോറിയില്‍ കര്‍ഷകരും വ്യാപാരികളുമടക്കം 26 പേര്‍ ഉണ്ടായിരുന്നു.
ലോറി ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. 50 മീറ്റര്‍ ആഴമുള്ള തോട്ടിലേക്കാണ് ലോറി പതിച്ചത്. ലോറിയില്‍ പച്ചക്കറി ചാക്കുകള്‍ക്കു മീതെ ഇരുന്ന് സഞ്ചരിച്ചവരാണ് അപകടത്തിനിരയായത്. തലകീഴായി മറിഞ്ഞ ലോറിക്കടിയില്‍ പെട്ടായിരുന്നു ഇവരുടെ മരണം. മരിച്ചവരെല്ലാം ഹാവേരി ജില്ലയില്‍ നിന്നുള്ള പച്ചക്കറി കച്ചവടക്കാരാണെന്നാണ് ലഭ്യമാകുന്ന വിവരം. ഗുരുതരമായി പരിക്കേറ്റ എട്ട് പേരെ ഹുബ്ബള്ളിയിലെ കെഎംസി-ആര്‍ഐയിലേക്ക് മാറ്റിയതായി യെല്ലപൂര്‍ പോലിസ് അറിയിച്ചു. അപകടത്തിൻ്റെ പശ്ചാത്തലത്തില്‍ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. അതിരാവിലെ മൂടല്‍ മഞ്ഞുള്ളതിനാല്‍ ദൃശ്യ പരിധി കുറഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Post a Comment