ആലപ്പുഴ: കളർകോട് അപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞതിന്റെ നടുക്കത്തിലാണ് മലയാളികള്‍ ഇപ്പോഴും.
പതിനൊന്ന് പേർ സഞ്ചരിച്ച കാർ കെഎസ്‌ആർടിസി ബസുമായി കൂട്ടിയിടിച്ച അപകടത്തിലാണ് അഞ്ച് ജീവിതങ്ങള്‍ അവസാനിച്ചത്. കാറില്‍ സ്ഥലമില്ലാതിരുന്നതുകൊണ്ട് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ടുപേരുണ്ട്. അപകടം നടന്ന രാത്രിയില്‍ 11 പേർക്കൊപ്പം സിനിമയ്ക്ക് പോകാൻ ഇറങ്ങിയവർ. കാറില്‍ സ്ഥലമില്ലാതിരുന്നതിനാല്‍ ബൈക്കിലായിരുന്നു ഇവരുടെ യാത്ര. യാത്രക്കിടെ അപകടത്തില്‍ ചോരയില്‍ കുളിച്ച ശരീരങ്ങള്‍ റോഡില്‍ കിടക്കുന്നത് കണ്ടുവെങ്കിലും തിരിച്ചറിയാതെ പോയ സഹപാഠികള്‍.
ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിയായ കോഴിക്കോട് സ്വദേശി അശ്വിത്ത് നടുക്കുന്ന ഓർമ്മ പങ്കുവയ്ക്കുന്നതിങ്ങനെ:
അനാട്ടമിയുടെ സ്‌പോട്ടിംഗ് ടെസ്റ്റ് കഴിഞ്ഞതിനാല്‍ ഹോസ്റ്റലിലെ എല്ലാവരും ചേർന്ന് സിനിമയ്ക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. പുറത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്ന എന്നെയും വിളിച്ചു. രാത്രി അവർ കാറില്‍ വരുമ്ബോള്‍ ഞാൻ ഫോണ്‍ ചെയ്യുകയായിരുന്നു. വണ്ടി നിറയെ ആളായതിനാല്‍ ഞാൻ ബൈക്കില്‍ പിറകെ വരാമെന്ന് പറഞ്ഞു. കാർ ഏതാണെന്ന് ശ്രദ്ധിച്ചിരുന്നില്ല.
കാറില്‍ കയറാൻ ഒരുങ്ങിയ ദേവാനന്ദിനെയും ബൈക്കില്‍ ഒപ്പം കൂട്ടി. 8.45നാണ് ഹോസ്റ്റലില്‍ നിന്ന് പുറപ്പെട്ടത്. 9.30നായിരുന്നു ഷോ. കളർകോട് എത്തിയപ്പോള്‍ ഒരു കാർ ബസിലിടിച്ച് കിടക്കുന്നത് കണ്ടു. ഇറങ്ങി നോക്കിയപ്പോള്‍ രണ്ടുപേരെ കണ്ടു. എന്നാല്‍ ആരാണെന്ന് തിരിച്ചറിയാനായില്ല. അപ്പോഴേയ്ക്കും ആംബുലൻസ് എത്തി. പിന്നീട് ഞങ്ങള്‍ നേരെ തിയേറ്ററിലേയ്ക്ക് പോയി.
കൂട്ടുകാർ എത്താതായപ്പോള്‍ സംശയം തോന്നി. ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ഉടൻ തന്നെ ഞങ്ങള്‍ അപകട സ്ഥലത്തെത്തി. എല്ലാവരെയും മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയെന്നറിഞ്ഞു. അത്യാഹിത വിഭാഗത്തില്‍ എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത് അവർ തന്നെയാണെന്ന് മനസിലായത്.
മുഹമ്മദ് ഇബ്രാഹിമിന്റെയും ആല്‍വിൻ ഷാജിയുടെയും മൃതദേഹങ്ങളാണ് അപകട സ്ഥലത്ത് കണ്ടതെന്ന് പിന്നീടാണ് മനസിലായത്. ക്ളാസ് തുടങ്ങിയിട്ട് ഒന്നരമാസമേ ആയുള്ളൂ. പലരെയും പരിചയപ്പെട്ട് വരുന്നതേയുള്ളൂ. 20 ദിവസം മുൻപ് ക്ളാസിലെത്തിയ ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിനെ അടുത്ത് പരിചയമുണ്ടായിരുന്നില്ല. ആല്‍വിന്റെ മുഖം തിരിച്ചറിയാൻ കഴിയാത്ത നിലയിലാരുന്നു.
Post a Comment