കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണു; ഉമ തോമസ് എംഎല്‍എക്ക് ഗുരുതര പരിക്ക്


കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് തൃക്കാക്കര എംഎല്‍എ ഉമ തോമസിന് ഗുരുതര പരിക്ക്.
കലൂർ ജവഹർലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒരു നൃത്തപരിപാടിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഉമ തോമസ് എംഎല്‍എ. ഗ്യാലറിയില്‍ നിന്ന് വീണ ഉമ തോമസിന്റെ തല കോണ്‍ക്രീറ്റില്‍ ഇടിച്ചെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരം.

മുറിവില്‍ നിന്ന് രക്തം വാർന്നുപോയെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. പരിപാടി തുടങ്ങാറായപ്പോഴാണ് ഉമ തോമസ് ഇവിടേക്ക് എത്തിയത്. മന്ത്രിയെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുന്ന വേളയിലാണ് അപകടമുണ്ടായത്. ഗ്യാലറിയില്‍ താല്‍ക്കാലികമായി കെട്ടിയ ബാരിക്കേഡില്‍ നിന്ന് എംഎല്‍എ മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

സ്‌കാനിങ് ഉള്‍പ്പെടെ വിശദ പരിശോധനകള്‍ കഴിഞ്ഞ ശേഷമേ പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമാകൂ എന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. മന്ത്രി സജി ചെറിയാൻ ഉള്‍പ്പെടെയുള്ളവരും പരിപാടിയില്‍ പങ്കെടുക്കാനായി കലൂർ സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു. വേദിയുടെ നിർമ്മാണത്തില്‍ എന്തെങ്കിലും പിഴവ് സംഭവിച്ചോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

കൊച്ചി കലൂർ സ്‌റ്റേഡിയത്തില്‍ 12,000 ഭരതനാട്യ നർത്തകർ പങ്കെടുക്കുന്ന മൃദംഗനാദം നൃത്തസന്ധ്യയായിരുന്നു ഇന്നത്തെ പരിപാടി. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇത്. ഇതില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഉമ തോമസ്. അതിനിടയിലാണ് അപകടമുണ്ടായത്.

അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ എംഎല്‍എയ്ക്ക് ബോധം ഉണ്ടായിരുന്നതായാണ് പുറത്തുവരുന്ന വിവരം. സംഭവം അറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. സിടി സ്‌കാൻ അടക്കമുള്ള നടപടി ക്രമങ്ങളിലേക്ക് ആശുപത്രി അധികൃതർ കടന്നുകഴിഞ്ഞു. ആംബുലൻസില്‍ വച്ച്‌ തന്നെ എംഎല്‍എക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതായാണ് വിവരം.

ചലച്ചിത്ര താരം ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഹൈബി ഈഡൻ എംപിയും മന്ത്രി സജി ചെറിയാനും ഉമ തോമസിനെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. നിലവില്‍ ഉമ തോമസിന്റെ ആരോഗ്യനില സ്‌റ്റേബിള്‍ ആണെന്നാണ് ഡോക്‌ടർമാർ പറയുന്നത്. എങ്കിലും കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

Nidhin Illikkambath Oneindia

source: oneindia.com

Post a Comment

Previous Post Next Post