രാസലഹരി കേസ്: യൂട്യൂബര്‍ 'തൊപ്പി'ക്കെതിരെ കേസ് ഇല്ല; ജാമ്യാപേക്ഷ തീര്‍പ്പാക്കി കോടതി


കൊച്ചി: രാസലഹരി കേസില്‍ യൂട്യൂബര്‍ 'തൊപ്പി' എന്ന നിഹാദും സുഹൃത്തുക്കളും സമർപ്പിച്ച ജാമ്യാപേക്ഷ തീർപ്പാക്കി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി.
മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിരിക്കുന്ന കേസില്‍ തൊപ്പിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പോലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. തുടർന്നാണ് കോടതി കേസ് തീർപ്പാക്കിയത്.

കൊച്ചി തമ്മനത്ത് നിന്നും നവംബർ 15ന് രണ്ട് യുവാക്കളെ രാസലഹരിയുമായി പിടികൂടിയിരുന്നു. ഇതിന്റെ അന്വേഷണത്തില്‍ തൊപ്പിയുടെ ഡ്രൈവറായ ജാബിർ ആണ് യുവാക്കള്‍ക്ക് എം ഡി എം എ എത്തിച്ച്‌ കൊടുത്തതെന്ന് കണ്ടെത്തുകയായിരുന്നു. 

തുടർന്ന് താൻ സെലിബ്രറ്റി ആയതിനാല്‍ തനിക്കെതിരേയും കേസ് എടുക്കുമോയെന്ന് ഭയന്ന് ഒളിവില്‍ പോവുകയും പിന്നാലെ ജാമ്യ ഹർജി ഫയല്‍ ചെയ്യുകയുമായിരുന്നു നിഹാദ്‌. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് വിഷയത്തില്‍ ഡിസംബർ നാലിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പാലാരിവട്ടം പോലീസിനോട് നിർദ്ദേശിക്കുകയായിരുന്നു.

Post a Comment

Previous Post Next Post