പത്തനംതിട്ട: മുറിഞ്ഞകല്ലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച നവദമ്ബതികള്‍ ഉള്‍പ്പെടെ നാല് പേർക്കും ഇന്ന് ജന്മനാട് വിടചൊല്ലും.
പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയിലാണ് നാല് പേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കുക. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വാഹനാപകടത്തില്‍ നിഖില്‍, അനു, ഇരുവരുടെയും പിതാക്കന്മാരായ ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവർ മരിച്ചത്.
രാവിലെ 8 മണി മുതല്‍ പള്ളിയില്‍ പൊതുദർശനത്തിന് വച്ച മൃതദേഹങ്ങളില്‍ അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് എത്തുന്നത്. പൊതുദർശനം പൂർത്തിയായ ശേഷം ഉച്ചയ്ക്ക് 12.30 ഓടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കും. നിഖിലിന്റെ സഹോദരി വിദേശത്താണ്. ഇവർ നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നത്.
വിവാഹം കഴിഞ്ഞ് 15ാം ദിവസാണ് നിഖിലിന്റെയും അനുവിന്റെയും ജീവൻ മരണം കവർന്നത്. മലേഷ്യയില്‍ മധുവിധു ആഘോഷിച്ച ശേഷം തിരികെ എത്തിയതായിരുന്നു ഇരുവരും. ഇവരെ വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ട് വരുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാർ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അമിത വേഗതയില്‍ ആയിരുന്നു കാർ. ഇതാണ് അപകടത്തിന് കാരണം ആയത് എന്നാണ് വിവരം.
Post a Comment