അപകടത്തില്‍ പരിക്കേറ്റയാളുമായി പമ്ബിലെത്തി ഇന്ധനം നിറച്ച് പുറപ്പെട്ട ആംബുലൻസ് വഴിയിലായി . പമ്ബില്‍ നല്‍കിയ 500 രൂപയ്ക്കുള്ള ഇന്ധനം നല്‍കിയില്ലെന്നും കണ്ടെത്തി.
ഇതേത്തുടർന്ന് ആംബുലൻസ് ഡ്രൈവർ മറ്റൊരു ആംബുലൻസ് വിളിച്ചുവരുത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു.
സംഭവത്തെ തുടർന്ന് ഡ്രൈവറും നാട്ടുകാരുമെത്തി പമ്ബ് ഉപരോധിച്ചു. വിവരമറിഞ്ഞ് ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ തിരുവനന്തപുരം യൂണിറ്റിന്റെ ഫ്ളൈയിങ് സ്ക്വാഡെത്തി പമ്ബിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ നിർദേശം നല്‍കി.
വിഴിഞ്ഞം- ബാലരാമപുരം റൂട്ടില്‍ മുക്കോലയില്‍ പ്രവർത്തിക്കുന്ന ഐ.ഒ.സി.യുടെ പമ്ബില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബൈപ്പാസ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് പരിക്കേറ്റയാളെ കയറ്റിയെത്തിയ ആംബുലൻസ് ഡ്രൈവർ പമ്ബിലെത്തി 500 രൂപയ്ക്ക് ഇന്ധനം നിറച്ചു. തുടർന്ന് നഗരത്തിലെ ആശുപത്രിയിലേക്കു പോകവേ ഈഞ്ചയ്ക്കല്‍ ഭാഗത്തുവെച്ച് ആംബുലൻസ് നിന്നു. ഇതേത്തുടർന്ന് മറ്റൊരു ആംബുലൻസില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു.
തുടർന്ന് പമ്ബില്‍നിന്നു നല്‍കിയ ബില്ല് പരിശോധിച്ചപ്പോഴായിരുന്നു 2.14 രൂപയ്ക്കുള്ള 0.02 ലിറ്റർ ഇന്ധനം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് മനസ്സിലാക്കിയത്. തുടർന്ന് നാട്ടുകാരുമായി പമ്ബിലെത്തി ചോദ്യംചെയ്തുവെങ്കിലും ജീവനക്കാർ വ്യക്തമായ മറുപടി നല്‍കിയില്ല.
ഇതേത്തുടർന്ന് നാട്ടുകാർ പമ്ബില്‍ ഉപരോധം നടത്തി. സംഭവത്തെത്തുടർന്ന് വിഴിഞ്ഞം പോലീസും സ്ഥലത്തെത്തി. പോലീസ് അറിയിച്ചതനുസരിച്ച് എത്തിയ ലീഗല്‍ മെട്രോളജി വിഭാഗം ഫ്ളൈയിങ് സ്ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളർ പി.എസ്.പ്രദീപ് നടത്തിയ പരിശോധനയില്‍ ഇന്ധനവിതരണത്തില്‍ വൻ ക്രമക്കേടു നടന്നതായി കണ്ടെത്തി. ഡ്രൈവർക്ക് നല്‍കിയ ബില്ലും പരിശോധിച്ച് ഉറപ്പുവരുത്തി. ഇതേത്തുടർന്ന് പമ്ബിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി.

Post a Comment