ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന അല്ലു അർജുൻ ചിത്രം 'പുഷ്പ 2' റിലീസായി മണിക്കൂറുകള്‍ക്കകം എച്ച്.ഡി പതിപ്പ് ഓണ്‍ലൈനില്‍ ചോർന്നു.
'പുഷ്പ: ദ റൈസി'ന്‍റെ സീക്വലായി എത്തിയ 'പുഷ്പ: ദ റൂള്‍' വ്യാഴാഴ്ചയാണ് റിലീസായത്. തുടർന്ന് വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ വന്നത് സിനിമാരംഗത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ചിത്രം ചോർന്നത് അനധികൃത വെബ്സൈറ്റുകളായ തമിഴ്റോക്കേഴ്സ്, മൂവീറൂള്‍സ്, ഫില്‍മിസില്ല തുടങ്ങിയവയിലൂടെയാണ്. ചിത്രത്തിന്‍റെ ബോക്സോഫീസ് കളക്ഷനെ വ്യാജ പതിപ്പിന്‍റെ പ്രചാരണം വലിയ രീതിയില്‍ ബാധിച്ചേക്കും. അതേസമയം ബിഗ് സ്ക്രീനില്‍ ചിത്രം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഇന്നും നാളെയും വാരാന്ത്യത്തിലും പല തീയേറ്ററുകളിലും ബുക്കിങ് തന്നെ പൂർണമായിക്കഴിഞ്ഞു.
അതിനിടയില്‍ ടിക്കറ്റ് നിരക്ക് വലിയ രീതിയില്‍ ഉയർത്തിയതില്‍ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. ആന്ധ്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വർധിപ്പിച്ച നിരക്കിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകർക്ക് താങ്ങാൻ കഴിയുന്നതല്ല ഈ നിരക്ക് വർധനയെന്നാണ് പ്രധാന ആക്ഷേപം. എന്നാല്‍ ഇത്തരത്തില്‍ ടിക്കറ്റ് നിരക്ക് ഉയർത്താൻ അനുമതി നല്‍കിയ ആന്ധ്ര സർക്കാരിനോട് അല്ലു അർജുൻ നന്ദി അറിയിച്ചു. തെലുഗു സിനിമാവ്യവസായത്തിന്‍റെ ഉയർച്ചക്ക് ഇത് ഏറെ സഹായിക്കുമെന്നാണ് താരത്തിന്‍റെ പക്ഷം.
Post a Comment