കാസർഗോഡ്: പെരിയ ഇരട്ടക്കൊല കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. എറണാകുളം സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 24 പേരും സിപിഎമ്മുകാരാണ്. 10 പ്രതികളെ വെറുതെവിട്ടു. ഒന്നു മുതല്‍ 8 വരെ പ്രതികളും കുറ്റക്കാരാണ്. ഇരുപതാം പ്രതിയായ മുൻ എംഎല്‍എയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ വി കുഞ്ഞിരാമനും കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷാവിധി ജനുവരി 3ന് കോടതി വിധിക്കും
24 പേരാണ് കേസിലെ പ്രതികള്‍. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന കുറ്റങ്ങള്‍ തെളിഞ്ഞു.
കുറ്റക്കാരായി കോടതി കണ്ടെത്തിയവർ
1. എ. പീതാംബരന്‍ (സിപിഎം മുൻ പെരിയ എല്‍സി അംഗം)
2. സജി സി. ജോര്‍ജ് (സജി)
3. കെ.എം. സുരേഷ്
4. കെ. അനില്‍ കുമാര്‍ (അബു)
5. ജിജിന്‍
6. ആര്‍. ശ്രീരാഗ് (കുട്ടു)
7. എ. അശ്വിന്‍ (അപ്പു)
8. സുബീഷ് (മണി)
10. ടി. രഞ്ജിത്ത് (അപ്പു)
14. കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്)
15. എ. സുരേന്ദ്രന്‍ (വിഷ്ണു സുര)
20. കെ.വി. കുഞ്ഞിരാമന്‍ (ഉദുമ കുഞ്ഞിരാമന്‍) (മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം)
21. രാഘവന്‍ വെളുത്തോളി (രാഘവന്‍ നായര്‍) (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി)
22. കെ. വി. ഭാസ്കരൻ
9,11,12,13,16,18,17,19, 23,24 പ്രതികളെ കുറ്റവിമുക്തരാക്കി.
ഇടതു മുന്നണിയുടെ രണ്ട് സംസ്ഥാന ജാഥകള്‍ മഞ്ചേശ്വരത്തുനിന്നും പാറശ്ശാലയില്‍നിന്നും തുടങ്ങിയ ദിവസമായ 2019 ഫെബ്രുവരി 17നാണ് കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസുകാർ കൊല്ലപ്പെട്ടത്. കൊലയുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീടങ്ങോട്ട് പ്രതികളുടെ കുടുംബങ്ങളെ സന്ദർശിക്കുകയും കേസ് നടത്തിപ്പിനാവശ്യമായ ഫണ്ട് വിദേശത്തുനിന്ന് സമാഹരിക്കുകയും ചെയ്തു. പ്രതികളെ സംരക്ഷിക്കാൻ സർക്കാർ നേരിട്ട് ഇടപെടുകയും സിബിഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയില്‍വരെ വാദിക്കുകയും ചെയ്തു.
കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ് പി പ്രദീപ്കുമാർ സമർപ്പിച്ച കുറ്റപത്രം ഹൈകോടതി തള്ളിയശേഷമാണ് കേസ് സിബിഐക്ക് കൈമാറുന്നത്. 2023 ഫെബ്രുവരി രണ്ടാം തീയതിയാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 294 സാക്ഷികളില്‍ 154 സാക്ഷികളെയാണ് സിബിഐ കോടതി വിസ്തരിച്ചത്. ആയുധങ്ങള്‍ ഉള്‍പ്പെടെ 83 തൊണ്ടിമുതലുകളും ഹാജരാക്കി. കേസിനാധാരമായ 495 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി.
നേതാക്കള്‍ ഉള്‍പ്പെടെ എട്ടുപ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. മറ്റുള്ളവർ ഇതുവരെയും ഒരിക്കല്‍പ്പോലും ജയിലില്‍നിന്ന് പുറത്തുവന്നിട്ടില്ല. ഹൊസ്ദുർഗ് കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചുവെങ്കിലും തുടർനടപടി തുടങ്ങുംമുൻപേ ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടു. രണ്ടുവർഷത്തോളം നടന്ന വിചാരണയാണ് സിബിഐ കോടതിയില്‍ നടന്നത്.
അതേസമയം, വെള്ളിയാഴ്ച കല്യോട്ട് ഭഗവതി ക്ഷേത്രത്തില്‍ നാട്ടുകാരുടെ കൂട്ടപ്രാർത്ഥന നടന്നു. ശരത്‌ലാലിന്റെ മാതാപിതാക്കളായ പി കെ സത്യനാരായണൻ, ലത, സഹോദരി അമൃത, കൃപേഷിന്റെ മാതാപിതാക്കളായ പി വി കൃഷ്ണൻ, ബാലാമണി, ശരത്തിന്റെയും കൃപേഷിന്റെയും മറ്റു ബന്ധുക്കള്‍, നാട്ടുകാർ എന്നിവരെല്ലാം ക്ഷേത്രത്തിലെത്തിയിരുന്നു.
ഇരട്ടക്കൊലക്കേസിന്റെ വിധി വരുന്ന പശ്ചാത്തലത്തില്‍ പെരിയയിലും കല്യോട്ടും പൊലീസ് കാവല്‍ ശക്തമാക്കി. കല്യോട്ട്, മേലെ കല്യോട്ട്, ഏച്ചിലടുക്കം എന്നിവിടങ്ങളില്‍ പൊലീസ് റൂട്ട് മാർച്ച് നടത്തി. എഎസ്പി ഡോ. എസ് അപർണ, ബേക്കല്‍ ഡിവൈഎസ്പി വി വി മനോജ്, ബേക്കല്‍, മേല്‍പ്പറമ്ബ് ഇൻസ്പെക്ടർമാരായ കെ പി ഷൈൻ, എ സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സ്റ്റേഷനുകളില്‍നിന്നെത്തിയ നൂറോളം പൊലീസുകാരാണ് റൂട്ട് മാർച്ച് നടത്തിയത്.
കോണ്‍ഗ്രസ്, സി.പി.എം. നേതാക്കളെ വെവ്വേറെ വിളിച്ച് പോലീസ് ചർച്ചനടത്തി. പെരിയമുതല്‍ കല്യോട്ടുവരെയുള്ള എല്ലാ ഇടങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Post a Comment