കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍ക്ക് യാത്രാബത്ത അനുവദിക്കാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം


തിരുവനന്തപുരം: കുടുംബശ്രീ മിഷനില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഒഴികെയുള്ള സിഡിഎസ് അംഗങ്ങള്‍ക്ക് യാത്രാബത്ത അനുവദിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പ്രതിമാസം 500 രൂപ വീതമായിരിക്കും യാത്രാബത്ത അനുവദിക്കുക. കുടുംബശ്രീ പ്രവർത്തകർക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ സമ്മാനമാണ് സിഡിഎസ് അംഗങ്ങള്‍ക്കുള്ള യാത്രാബത്ത അനുവദിക്കാനുള്ള തീരുമാനമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. 

കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ താഴെത്തട്ടില്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നവരാണ് കുടുംബശ്രീ സിഡിഎസ് അംഗങ്ങളെന്ന് മന്ത്രി പറഞ്ഞു. ഇവരുടെ വിലമതിക്കാനാവാത്ത സേവനത്തിനുള്ള സർക്കാരിന്റെ അംഗീകാരമാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ പ്രവർത്തനങ്ങളെ കൂടുതല്‍ ഊർജസ്വലമാക്കുന്നതിന് ഈ ആനുകൂല്യം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 18367 ത്തോളം വരുന്ന സിഡിഎസ് അംഗങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ആനുകൂല്യം നല്‍കുന്നതിന് പ്രതിവർഷം 11 .02 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. യാത്രാ ബത്ത ഉടൻ വിതരണം ചെയ്ത് തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍ക്ക് യാത്രാ ആനുകൂല്യം നല്‍കണമെന്ന ആവശ്യങ്ങള്‍ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. കുടുംബശ്രീ പ്രവർത്തകരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന്, 2021 ബജറ്റിലാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. സിഡിഎസ് അംഗങ്ങള്‍ സ്വന്തം പണമെടുത്താണ് കുടുംബശ്രീ പ്രവർത്തനങ്ങളില്‍ വ്യാപൃതരാവുന്നത്. ഇവരുടെ സേവനസന്നദ്ധതയ്ക്ക് സർക്കാർ നല്‍കുന്ന അംഗീകാരമാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. ലോകത്തിന് കേരളം സമ്മാനിച്ച മഹത്തായ മാതൃകകളില്‍ ഒന്നായ കുടുംബശ്രീയെ കൂടുതല്‍ മികവിലേക്ക് നയിക്കാൻ സർക്കാർ ഒപ്പമുണ്ടാവുമെന്നും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post