ജിപിഎസ് നോക്കി വാഹനമോടിച്ചു; യുപിയില്‍ പൊളിഞ്ഞ പാലത്തില്‍ നിന്ന് താഴെ വീണ് മൂന്ന് മരണം

ലൗഖ്നോ: ജിപിഎസ് സഹായത്താല്‍ വഴി നോക്കിയോടിച്ച കാർ പാലത്തില്‍ നിന്ന് വീണ് മൂന്ന് മരണം. ഉത്തർപ്രദേശിലെ ഫരീദ്പൂരിലാണ് സംഭവം.
ജിപിഎസ് തകർന്ന പാലത്തിലേക്ക് വഴി കാട്ടി. തുടർന്ന് അതുവഴി യാത്ര ചെയ്യവെ വഴി തീരുകയും 50 അടി താഴ്ചയില്‍ പുഴയിലേക്ക് കാർ വീഴുകയുമായിരുന്നു. 

പുഴയില്‍ കാർ കണ്ടതോടെ നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. കാറിലുണ്ടായിരുന്ന സഹോദരന്മാരടക്കമുള്ള മൂന്ന് പേർ കാർ പുറത്തെടുക്കുന്നതിന് മുൻപ് തന്നെ മരണപ്പെട്ടു. 'ഈ വർഷമാദ്യമുണ്ടായ പ്രളയത്തില്‍ പാലത്തിൻ്റെ മുൻഭാഗം തകർന്നിരുന്നു. എന്നാല്‍ ജിപിഎസ്സില്‍ ഇത് അപ്ഡേറ്റ് ചെയ്തിരുന്നില്ല. ഇതിനാലാണ് പാലം സുരക്ഷിതമല്ലെന്ന് മനസ്സിലാക്കാതെ ഡ്രൈവർ വാഹനം പാലത്തിലൂടെ ഓടിച്ചത്.'- സ്ഥലം സിഐ അറിയിച്ചു. 

കാറിലുണ്ടായിരുന്നവർ ഗൂഗിള്‍ മാപ്പിനെയാണ് ആശ്രയിച്ചിരുന്നതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞു. പാലത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ജാഗ്രതാനിർദേശം നല്‍കാൻ ചുറ്റും ബാരിക്കേഡുകളില്ലാത്തതിനാല്‍ ബന്ധുക്കള്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി. ഭരണകൂടത്തിൻ്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവർ ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post