അമ്മ ടിക്കറ്റ് കൊടുക്കുന്ന ബസ് ഓടിക്കുന്നത് മകൻ; കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിലെ അപൂര്‍വ കാഴ്ച

തിരുവനന്തപുരം: അമ്മയും മകനും ഒന്നിച്ച്‌ ജോലി ചെയ്യുന്നത് പുതുമയല്ല , എന്നാല്‍ അമ്മ ടിക്കറ്റ് കൊടുക്കുന്ന കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ മകൻ ഡ്രൈവർ ആയി എത്തുന്നത് ഒരു അപൂർവ കാഴ്ചയാണ്.അത്യപൂർവ്വമായ ആ നിമിഷത്തിനാണ് കഴിഞ്ഞ ദിവസം കെ എസ് ആർ ടി സി സിറ്റി ഡിപ്പോയിലെ കണ്ണമ്മൂല - മെഡിക്കല്‍ കോളേജ് സ്വിഫ്റ്റ് ബസ് സാക്ഷ്യം വഹിച്ചത് .
കഴിഞ്ഞ ആഴ്‌ച കെഎസ്‌ആർടിസി കെ സ്വിഫ്റ്റില്‍ ഡ്രൈവറായി നിയമനം ലഭിച്ച ശ്രീരാഗിന്‍റെ ആദ്യ യാത്രയിലാണ് കണ്ടക്‌ടറായി സ്വന്തം അമ്മ യമുന എത്തിയത്. മകനോടൊപ്പം ജോലി ചെയ്യാൻ സാധിച്ചതിൻ്റെ സന്തോഷം ആ അമ്മയുടെ കണ്ണുകളില്‍ പ്രകടമായിരുന്നു, ഒപ്പം ചാരുതാർഥ്യവും. കഴിഞ്ഞ ദിവസമാണ് കെഎസ്‌ആർടിസി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അത്യപൂർവമായ ഈ വാർത്ത പങ്കുവച്ചത്.

'മകൻ സാരഥി , ചാരിതാർത്ഥ്യത്തോടെ കണ്ടക്ടർ അമ്മ: കെ എസ് ആർ ടി സിക്ക് ഇത് പുതുചരിത്രം' എന്ന അടിക്കുറിപ്പോടെയാണ്‌ കെഎസ്‌ആർടിസി തങ്ങളുടെ സന്തോഷം പങ്കുവച്ചത്. ഞായറാഴ്ച കെ എസ് ആർ ടി സി സിറ്റി ഡിപ്പോയിലെ കണ്ണമ്മൂല - മെഡിക്കല്‍ കോളേജ് സ്വിഫ്റ്റ് ബസില്‍ സാരഥികള്‍ ഈ അമ്മയും മകനുമായിരുന്നു. ആര്യനാട് സ്വദേശിയും സ്വിഫ്റ്റ് സർവ്വീസിലെ ആദ്യ വനിതാ ജീവനക്കാരിയുമായ യമുനയാണ്‌ ഈ ഭാഗ്യം ലഭിച്ച അമ്മ. 2009 മുതല്‍ കെ എസ് ആർ ടി സി ആര്യനാട് ഡിപ്പോയിലെ ബദലി കണ്ടക്ടറായി ജോലി ചെയുന്ന യമുനക്ക് 2022 മുതല്‍ സ്വിഫ്റ്റിലാണ് ജോലി. മുഖ്യമന്ത്രിയില്‍ നിന്ന് ആദ്യ ദിനം റാക്ക് വാങ്ങി ജോലിയില്‍ പ്രവേശിച്ച യമുനയുടെ സ്വപ്നങ്ങളില്‍ ഒന്നാണ് മകന്‍റെ ജോലി.

ഡ്രൈവിംഗില്‍ കമ്ബമുള്ള മകൻ ശ്രീരാഗിന് കഴിഞ്ഞ ആഴ്ചയാണ് കെ - സ്വിഫ്റ്റില്‍ നിയമനം ലഭിച്ചത്. അമ്മക്കൊപ്പം ആദ്യ ഡ്യൂട്ടി ചെയ്യണമെന്ന ശ്രീരാഗിന്‍റെ ആവശ്യം കെ എസ് ആർ ടി സി അധികൃതർ ഇടപെട്ട് സാധിച്ച്‌ കൊടുക്കുകയായിരുന്നു . ഞായറാഴ്ച ഇരുവരുടെയും ആ സ്വപ്‍നം പൂവണിഞ്ഞു. വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം ഒരുമിച്ച്‌ പങ്കിട്ട് കഴിച്ചതും, ഏറെ ശ്രദ്ധാപൂർവ്വം മകൻ ബസ് ഓടിച്ചതും അമ്മ യമുനക്ക് മനം നിറയെ ആഹ്ലാദം നല്‍കുന്ന കാഴ്ചയായിരുന്നു.

ഇരുപത്തി ഏഴ് വയസുകാരനായ ശ്രീരാഗ് മുൻപ് വനം വകുപ്പിലെ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു . കണ്ടക്ടർ ലൈസൻസുള്ള ശ്രീരാഗിന് ഡ്രൈവറായി ജോലി ചെയ്യാനാണ് കൂടുതല്‍ താല്പര്യം. അമ്മക്കൊപ്പമുള്ള ജോലിയും ആനവണ്ടി പ്രേമവുമാണ് ശ്രീരാഗിനെ സ്വിഫ്റ്റ് ഉദ്യോഗത്തില്‍ കൊണ്ടെത്തിച്ചത്. വർക്ക്ഷോപ്പ് ജീവനക്കാരനായ ഭർത്താവ് രാജേന്ദ്രൻ ആശാരി, മുട്ടത്തറ എൻജിനീയറിംഗ് കോളേജിലെ താല്‍ക്കാലിക ജീവനക്കാരനായ ഇളയ മകൻ സിദ്ധാർത്ഥ് എന്നിവർക്കൊപ്പം ആര്യനാട് ശ്രീരാഗ്ഭവനിലാണ് യമുനയും ശ്രീരാഗും താമസിക്കുന്നത്. അമ്മക്കും മകനും ഒപ്പമുള്ള സ്നേഹം നിറഞ്ഞ യാത്രകളുടെ മധുരത്തിലാണ് റൂട്ടിലെ യാത്രക്കാരും.

Post a Comment

Previous Post Next Post