കാറില്‍ സണ്‍ ഫിലിം ആവാം; വിലക്ക് നീങ്ങിയതോടെ പിടിവലി

കണ്ണൂർ: വാഹനങ്ങളില്‍ സണ്‍ ഫിലിമുകള്‍ ഉപയോഗിക്കാൻ ഹൈക്കോടതി അനുമതി നല്‍കിയത് കാർ യാത്രികർ ആഘോഷമാക്കുന്നു. ആക്സസറീസ് ഷോപ്പുകളില്‍ കൂളിംഗ് ഫിലിമിനായി എത്തുന്നവരുടെ തിരക്കാണിപ്പോള്‍.

സണ്‍ ഫിലിമുകള്‍ ഉപയോഗിച്ചതിന് വാഹനങ്ങള്‍ക്ക് അനാവശ്യമായി പിഴ ചുമത്തരുതെന്നാണ് മോട്ടോർ വാഹന വകുപ്പിന് (എം.വി.ഡി) കോടതി നിർദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ആക്സസറീസ് കടകളില്‍ തിരക്ക് തുടങ്ങിയത്.

ഈ രംഗത്തെ തൊഴില്‍ സംരംഭകർക്കും തൊഴിലാളികള്‍ക്കും ഹൈക്കോടതി വിധി അനുഗ്രഹമായിട്ടുണ്ട്. ഒരു തൊഴിലാളി അഞ്ച് മുതല്‍ ആറ് വരെ കാറുകളിലാണ് സണ്‍ ഫിലിം പതിപ്പിക്കുന്നത്. പ്രത്യേക വൈദഗ്ദ്ധ്യം വേണ്ടതിനാല്‍ ഈ തൊഴില്‍ പഠിച്ചെടുത്തവർക്ക് നല്ല ഡിമാൻഡാണിപ്പോള്‍. എന്നാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ കൂടുതല്‍ കറുത്ത ഫിലിം ഒട്ടിച്ചാല്‍ വീണ്ടും നിയന്ത്രണം വരാനിടയുണ്ടെന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്നാണ് ഇവരുടെ അഭ്യർത്ഥന.

സണ്‍ ഫിലിമുകള്‍ വ്യത്യസ്ത ഗുണ നിലവാരത്തിലുളളവ വിപണിയിലുണ്ട്. ശരിയായ ഗുണനിലവാരമുളള ഫിലിമുകള്‍ വാഹനങ്ങളില്‍ തിരഞ്ഞെടുക്കണമെന്നാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നവർ പറയുന്നത്.

വാഹനങ്ങളില്‍ കറു ത്ത ഫിലിം ഒട്ടിക്കുന്നത് നിരോധിച്ച്‌ 2012ലാണ് സുപ്രീം കോടതി വിധി വന്നത് . 2021 ഏപ്രില്‍ ഒന്നിന് കേന്ദ്ര മോട്ടോർ വെഹിക്കിള്‍ നിയമഭേദഗതി പ്രകാരം മാനദണ്ഡങ്ങള്‍ പാലിച്ച്‌ സുതാര്യമായ ഫിലിമുകള്‍ ഒട്ടിക്കാമെന്ന് വ്യക്തമാക്കി. ഇതാണ് ഇപ്പോള്‍ വീണ്ടും പരിഷ്‌കരിച്ച്‌ കൂളിംഗ് ഫിലിമുകള്‍ പതിക്കാൻ അനുവദിച്ചത്.

1500 മുതല്‍ 13,000 വരെയാണ് നിലവില്‍ ഫിലിം ഒട്ടിക്കുന്നതിന്റെ നിരക്ക്. ഹീറ്റ് റിജക്ഷൻ,വിസിബിള്‍ ലൈറ്റ് ട്രാൻസ്മിഷൻ, യുവി റേയ്സ് റിജക്ഷൻ എന്നിങ്ങനെയുള്ള ഫിലിമുകളാണ് നിലവില്‍ വിപണിയിലുള്ളത്.

അല്ല, ആഡംബരമല്ല

കനത്ത ചൂടുളള കാലാവസ്ഥയില്‍ സണ്‍ കണ്‍ട്രോള്‍ ഫിലിമുകള്‍ അവശ്യവസ്തുവാണ്. രാത്രിയിലാകട്ടെ എതിർദിശയില്‍ വരുന്ന വാഹനങ്ങളുടെ ഹൈബീം ലൈറ്റുകളില്‍ നിന്ന് രക്ഷ നേടാനും ഡ്രൈവർമാരെ ഇത് സഹായിക്കും.കാറുകളില്‍ സണ്‍ കണ്‍ട്രോള്‍ ഫിലിം സ്ഥാപിക്കാൻ ഒരുങ്ങിയതിന് കടയുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ എം.വി.ഡി ശ്രമിച്ചതിനെ തുടർന്നാണ് വിഷയം ഹൈക്കോടതിയിലെത്തിയത്. എം.വി.ഡിയുടെ നടപടിയെ ചോദ്യം ചെയ്ത് ഒരു സണ്‍ കണ്‍ട്രോള്‍ ഫിലിം നിർമ്മാണ കമ്ബനിയും ഒരു വാഹനയുടമയും കേസില്‍ കക്ഷി ചേരുകയായിരുന്നു.

അലർജി ചെറുക്കാനും ഇത്തരം ഫിലിമുകള്‍ സഹായിക്കുമെന്നാണ് വാഹന ഉടമകള്‍ പറയുന്നത്.മഴ മാറിയതോടെ വൻ ചൂടാണ് പകല്‍ അനുഭവപ്പെടുന്നത്. വാഹനങ്ങളില്‍ എ സി ഇട്ടാലും തണുക്കാൻ സമയമെടുക്കും. എസി ഇല്ലാത്ത വാഹനങ്ങളിലും കൂളിംഗ് ഫിലിം ഒട്ടിക്കുന്നതോടെ അല്‍പം ആശ്വാസമാകും. എസി ഉപയോഗം കുറയ്ക്കാനും ഇന്ധനക്ഷമത കൂട്ടാനും ഇതു വഴിയൊരുക്കും.

വെറുതെയല്ല, സുതാര്യത വേണം

കേന്ദ്ര മോട്ടോർ വെഹിക്കിള്‍ റൂളുകളിലെ നിയന്ത്രണം പാലിക്കണം

വാഹനങ്ങളുടെ മുന്നിലും പിന്നിലും ഉള്ള ഗ്ലാസുകളില്‍ 70 ശതമാനം സുതാര്യത

വശങ്ങളിലെ ഗ്ലാസുകളില്‍ 50 ശതമാനം സുതാര്യത

Post a Comment

Previous Post Next Post