ലോകത്ത് സ്വർണവില ഉയർന്ന് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഉദാഹരണത്തിന് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ വിലയുമായി താരതമ്യം ചെയ്യുമ്ബോള്‍ വിലയില്‍ പവന് ശരാശരി 2500 മുതല്‍ 3000 വരെ രൂപയുടെ വ്യത്യാസം ഇപ്പോഴുമുണ്ട്.
നികുതി അടക്കമുള്ള കാര്യങ്ങളാണ് ഇന്ത്യയിലെ വില വർധനവിന് കാരണം. ലോകത്ത് സ്വർണവില ഇത്തരത്തില്‍ വ്യത്യസ്തപ്പെട്ട് കിടക്കുന്നത് പോലെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്കിടയിലും സ്വർണത്തിന്റെ നിരക്കില്‍ തീരെ ചെറുതല്ലാത്ത അന്തരമുണ്ട്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയില്‍ സ്വർണ്ണം ലഭിക്കുന്ന ഒരു സംസ്ഥാനമുണ്ട്. ഈ സംസ്ഥാനത്ത് നിന്ന് വിലക്കുറവില്‍ സ്വർണം വാങ്ങാമെന്ന് മാത്രമല്ല പ്രതിശീർഷ സ്വർണ ഉപഭോഗത്തിൻ്റെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനവുമാണ് ഇത്. എന്തുകൊണ്ടാണ് ആ സംസ്ഥാനത്ത് സ്വർണ വില ഇത്തരത്തില്‍ കുറഞ്ഞ് നില്‍ക്കുന്നുവെന്നാണ് ഇവിടെ പരിശോധിക്കുന്നത്.
ആദ്യ ആ സംസ്ഥാനം ഏതാണെന്ന് നമുക്ക് അറിയാം. മറ്റെങ്ങുമല്ല, നമ്മുടെ സ്വന്തം കേരളമാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വർണം ലഭിക്കുന്ന സംസ്ഥാനം. രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്വർണ വില കുറയാന്‍ വിവിധ കാരണങ്ങളുണ്ട്. കുറഞ്ഞ ഗതാഗത ചെലവുകള്‍, നികുതി ഘടനകള്‍, ഇറക്കുമതി തീരുവകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഇതില്‍ പ്രധാനമാണ്.
പ്രധാന തുറമുഖങ്ങളുമായുള്ള കേരളത്തിൻ്റെ സാമീപ്യം ഇറക്കുമതിയില്‍ പ്രധാന്യമാണ്. അതോടൊപ്പം ഇന്ത്യയില്‍ തന്നെ ആഭരണ നിർമ്മാണത്തിന്റെ ഹബ്ബായി പ്രവർത്തിക്കുന്നത് തൃശൂരാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്വർണാഭരണങ്ങള്‍ എത്തിക്കുന്നത് തൃശൂരില്‍ നിന്നുമാണ്. മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്വർണാഭരണം എത്തിക്കുമ്ബോഴുള്ള ഗതാഗത ചിലവ് അടക്കമുള്ളവ അവിടുത്തെ വിലയിലും പ്രതിഫലിക്കും.
ചില വ്യാപാരികളുടെ നികുതിവെട്ടിപ്പും കേരളത്തില്‍ സ്വർണവില കുറയാനുള്ള കാരണമായി ന്യൂസ് 18 ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ നിരവധി സ്വർണ്ണ വ്യാപാരികള്‍ ജി എസ് ടി വെട്ടിപ്പ് നടത്തുന്നതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിലൂടെ കുറഞ്ഞ വിലയില്‍ സ്വർണം നല്‍കി കൂടുതല്‍ കച്ചവടം നേടാന്‍ ജ്വല്ലറികള്‍ക്ക് സാധിക്കും.
നവംബർ 28 ലെ വില അടിസ്ഥാനമാക്കി താരതമ്യം ചെയ്യുകയാണെങ്കില്‍ അന്നേ ദിവസം ഡല്‍ഹിയില്‍ 24 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 7750 രൂപയായിരുന്നു. എന്നാല്‍, കേരളത്തില്‍ ഇത് ഗ്രാമിന് 7735 രൂപയാണ്. അതായത് പവന് 120 രൂപയുടെ വ്യത്യാസം. 22 കാരറ്റിന്റെ കാര്യത്തിലാണെങ്കില്‍ ഇതേ ദിവസം ഡല്‍ഹിയിലെ ഗ്രാം വില 7105 രൂപയാണ്. എന്നാല്‍ കേരളത്തില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7090 രൂപ കൊടുത്താല്‍ മതി. വ്യത്യാസം 15 രൂപ.
കേരളം കഴിഞ്ഞാല്‍ കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് കുറഞ്ഞ നിരക്കില്‍ സ്വർണം ലഭിക്കുന്നത്. ഈ വ്യത്യാസം എന്ന് പറയുന്നത് ഗ്രാമിന് 5 മുതല്‍ 20 രൂപവരേയാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിൻ്റെ കണക്കനുസരിച്ച്, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിശീർഷ സ്വർണ ഉപഭോഗം ഉള്ളത് കേരളത്തിലാണ്. സംസ്ഥാനത്തെ വാർഷിക സ്വർണ ഉപഭോഗം 200-225 ടണ്‍ ആണ്.
Post a Comment