ശബരിമല തീര്‍ഥാടകര്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്


കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായും ദേവസ്വം-സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ.
വാസവൻ. കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ തീർഥാടകർക്കും സുഗമമായ ദർശനം ഒരുക്കും. ഇത്തവണ ശബരമലയില്‍ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നല്‍കുക. തീർഥാടകർ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും.

ഇടത്താവളങ്ങളിലെ ഒരുക്കം വിലയിരുത്താനുള്ള യോഗങ്ങള്‍ പൂർത്തീകരിച്ചു. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം എല്ലാ പ്രവർത്തികളും നവംബർ 10നകം പൂർത്തീകരിക്കും. 1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നല്‍കി നിയോഗിക്കും. പൊലീസ് വിപുലമായ സുരക്ഷാസംവിധാനമൊരുക്കും. മുൻപ് ശബരിമലയില്‍ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കാനനപാതയില്‍ തീർഥാടകർക്ക് എല്ലാസൗകര്യവും ഒരുക്കും. സ്‌നേക്ക് ക്യാച്ചേഴ്‌സിന്റെ അടക്കം സേവനം ലഭ്യമാണ്. അഗ്നിരക്ഷാ സേന ഇത്തവണ കൂടുതല്‍ ഉദ്യോഗസ്ഥരെ വിവിധയിടങ്ങളില്‍ നിയോഗിക്കും. 2500 ആപ്തമിത്ര വോളന്റിയർമാരുടെ സേവനം അഗ്നിരക്ഷ സേനയുടെ ഭാഗമായി ഒരുക്കും. ഫയർഫോഴ്‌സ് വിവരങ്ങള്‍ കൈമാറുന്നതിനും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കുന്നതിനും പുതിയ വാക്കിടോക്കി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യൂപോയിന്റുകളില്‍ കൂടുതല്‍ സുരക്ഷ ഏർപ്പെടുത്തും. സ്‌കൂബാ ടീമടക്കമുള്ളവരുടെ സേവനവും ലഭിക്കും.

തീർഥാടകർ എത്തുന്ന എല്ലാ പ്രധാനസ്ഥലങ്ങളിലും കുടിവെള്ളമെത്തിക്കാൻ ജലഅതോറിറ്റി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂർ, എരുമേലി, പമ്ബയടക്കം എല്ലാ കുളിക്കടവുകളിലും ഇറിഗേഷൻ വകുപ്പ് സുരക്ഷാവേലികള്‍ നിർമിക്കും. വിവിധ ഭാഷകളില്‍ മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിക്കും. ശുചിത്വമിഷന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ മാലിന്യസംസ്‌ക്കരണത്തിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുക. സെപ്റ്റിക് ടാങ്ക് മാലിന്യസംസ്‌ക്കരണത്തിന് ആധുനിക മൊബൈല്‍ സംവിധാനങ്ങടക്കം ഉപയോഗിക്കും. ചങ്ങനാശേരി നഗരസഭ, കുമരകം പഞ്ചായത്ത് എന്നിവിടങ്ങളിലെ മൊബൈല്‍ സെപ്റ്റിക് ടാങ്ക് മാലിന്യസംസ്‌ക്കരണ യൂണിറ്റ് ഇതിനായി ഉപയോഗിക്കും.

നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലും കോട്ടയം മെഡിക്കല്‍ കോളജിലും പത്തനംതിട്ട ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി എന്നിവടങ്ങളില്‍ ആരോഗ്യവകുപ്പ് വിപുലമായ ചികിത്സാസൗകര്യങ്ങളൊരുക്കും. എല്ലാ ആശുപത്രികളിലും ആവശ്യത്തിന് മരുന്നും മറ്റുസൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. പമ്ബ, അപ്പാച്ചിമേട്, സന്നിധാനം, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ്, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ വിപുലമായ കാർഡിയോളജി ചികിത്സാസംവിധാനമുണ്ട്. ഇവിടങ്ങളില്‍ തീർഥാടകർക്കായി പ്രത്യേകവാർഡുകളും ഇൻഫർമേഷൻ സെന്ററുകളും തുറക്കും. പാമ്ബുകടി ഏല്‍ക്കുന്നവർക്ക് ആന്റീവെനം അടക്കമുള്ള ചികിത്സാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പമ്ബയിലും അപ്പാച്ചിമേട്ടിലും സന്നിധാനത്തും ആരോഗ്യവകുപ്പ് മികച്ച സേവനങ്ങള്‍ ഭക്തർക്കായി നല്‍കുന്നുണ്ട്. ഇവയ്ക്ക് പുറമേ ലോകപ്രശസ്തനായ ന്യൂറോസർജൻ രാംനാരായണന്റെ നേതൃത്വത്തില്‍ വിദഗ്ധരായ നൂറിലേറെ ഡോക്ടർമാർ ഡിവോവോട്ടീസ് ഓഫ് ഡോക്ടർസ് എന്ന പേരില്‍ സേവന സന്നദ്ധത അറിയിച്ചു. ഇത് ഫലപ്രദമായി വിനിയോഗിക്കും. മണ്ഡല-മകരവിളക്ക് കാലം മുഴുവൻ എക്കോ കാർഡിയോഗ്രാം ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കി ഡോക്ടർസ് പമ്ബയിലും സന്നിധാനത്തും സേവനം ലഭ്യമാക്കും.

മോട്ടോർ വാഹനവകുപ്പ് സേഫ് സോണ്‍ പദ്ധതി വിപുലമാക്കും. 20 സ്‌ക്വാഡുകളെ പട്രോളിങ്ങിനായി നിയോഗിക്കും. മൂന്നു കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. 24 മണിക്കൂറും സേവനം ലഭിക്കും. വാഹനങ്ങള്‍ കേടായാല്‍ മാറ്റുന്നതിന് റിക്കവറി വാഹനങ്ങളുടെ സേവനമടക്കം ലഭ്യമാക്കും.

ജല അതോറിട്ടിയുടെ ഗുണനിലവാര പരിശോധന ലാബിലൂടെ പമ്ബയില്‍ ഓരോ മണിക്കൂറിലും വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കും. കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകള്‍ നടത്തും. തേനി-പമ്ബ സെക്ടറില്‍ കൂടുതല്‍ സർവീസുകള്‍ നടത്തും.

ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും ശുചിത്വവും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പും ലീഗല്‍ മെട്രോളജിയും ചേർന്ന് സംയുക്ത പരിശോധനകള്‍ നടത്തും. ഇടത്താവളങ്ങളിലും പരിശോധന കർശനമാക്കും. ലഹരിവസ്തുക്കളുടെ ഉപയോഗം തടയാൻ എക്‌സൈസും പൊലീസും ചേർന്ന് സംയുക്തപരിശോധനകള്‍ നടത്തും. കാനനപാതയിലടക്കം മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി. നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

മരക്കൂട്ടംമുതല്‍ സന്നിധാനം വരെ തീർഥാടകർക്ക് വിശ്രമിക്കുന്നതിനായി 1000 സ്റ്റീല്‍ കസേരകള്‍ സ്ഥാപിക്കും. കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ലഭ്യമാക്കും. ഇ-ടോയ്‌ലറ്റ് സൗകര്യവുമുണ്ടാകും. പ്രധാനപ്പെട്ട റെയില്‍വേസ്‌റ്റേഷനുകളില്‍ പൊലീസ് എയ്ഡ്‌പോസ്റ്റുകള്‍ തുറക്കും. കാനനപാതയില്‍ വനംവകുപ്പ് 132 സേവനകേന്ദ്രങ്ങള്‍ തുറക്കും. തീർഥാടകർക്കാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കാൻ 1500 എക്കോ ഗാർഡുകളെ നിയോഗിക്കും. എലിഫെന്റ് സ്‌ക്വാഡിൻ്റെയടക്കം സേവനമുണ്ടാകും.

ദുരന്തനിവാരണ വകുപ്പ് പ്രത്യേക ദുരന്തനിവാരണ ആക്ഷൻ പ്ലാൻ ശബരിമലയ്ക്കായി തയാറാക്കിയിട്ടുണ്ട്. 17 ലക്ഷം രൂപ പത്തനംതിട്ട ദുരന്തനിവാരണ സമിതിക്ക് അനുവദിച്ചിട്ടുണ്ട്. 90 റവന്യൂ ജീവനക്കാരെ ദുരന്തനിവാരണ പ്രവർത്തനങ്ങള്‍ക്കായി നിയോഗിക്കും.

ഭക്ഷ്യ-സാധനവില ആറു ഭാഷകളില്‍ പ്രദർശിപ്പിക്കും. കൂടുതല്‍ സി.സി.ടി.വികള്‍ സ്ഥാപിക്കും. കവറേജ് വർധിപ്പിക്കുന്നതിനായി ബി.എസ്.എൻ.എല്‍. 22 മൊബൈല്‍ ടവറുകള്‍ ഒരുക്കും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ശുചിത്വമിഷൻ ബോധവത്കരണം നടത്തും. തുണിമാലിന്യങ്ങള്‍ നീക്കുന്നതിന് ഗ്രീൻ ഗാർഡുകളെ നിയോഗിക്കും.

വൃശ്ചികം ഒന്നിന് 40 ലക്ഷം കണ്ടെയ്‌നർ അരവണ ബഫർ സ്‌റ്റോക്കുണ്ടാകും. അരണവണയും അപ്പവും തീർഥാടകർക്കും യഥേഷ്ടം ലഭ്യമാക്കും. എസ്.എം.എസ്. മുഖേന തീർഥാടകർക്ക് വിവരങ്ങള്‍ നല്‍കാൻ ദേവസ്വം ബോർഡ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

നിലയ്ക്കലില്‍ 10,000 വാഹനങ്ങള്‍ക്ക് പാർക്ക് ചെയ്യാൻ ഇത്തവണ സൗകര്യമൊരുക്കും. കഴിഞ്ഞതവണ 7500 വാഹനങ്ങള്‍ക്ക് പാർക്ക് ചെയ്യാൻ കഴിയുമായിരുന്നു. ഇത്തവണ കൂടുതല്‍ സൗകര്യമൊരുക്കി 2500 വാഹനങ്ങള്‍ക്ക് കൂടി പാർക്കിങ് ക്രമീകരണമൊരുക്കും. നിലയ്ക്കലില്‍ പാർക്കിങ് പൂർണമായി ഫാസ്റ്റ് ടാഗ് ഉപയോഗിച്ചാണ്. പമ്ബ ഹില്‍ടോപ്പ് , ചക്കുപാലം എന്നിവിടങ്ങളില്‍ മാസപൂജ സമയത്ത് പാർക്കിങ്ങിന് കോടതി അനുമതി നല്‍കിയിരുന്നു. ഇവിടെ 2000 വാഹനങ്ങള്‍ക്ക് പാർക്ക് ചെയ്യാം. കോടതി അനുമതിയോടെ മണ്ഡല മകരവിളക്ക് മഹോത്സവകാലത്ത് ഇവിടെ പാർക്കിങ് ക്രമീകരണം ഒരുക്കാൻ ശ്രമിക്കും. എരുമേലിയില്‍ ഹൗസിങ് ബോർഡിന്റെ കൈവശമുള്ള ആറര ഏക്കർ സ്ഥലം പാർക്കിങ്ങിനായി വിനിയോഗിക്കും.

നിലയ്ക്കലില്‍ 1045 ടോയ്‌ലറ്റുകളും പമ്ബയില്‍ 580 ടോയ്‌ലറ്റുകളും ഒരുക്കും. നൂറെണ്ണം സ്ത്രീകള്‍ക്കായാണ് ഒരുക്കുക. സന്നിധാനത്ത് 1005 ടോയ്‌ലെറ്റുകളൊരുക്കും. പാരമ്ബര്യപാതയിലും സ്വാമി അയ്യപ്പൻ റോഡിലുമായി ബയോടോയ്‌ലെറ്റുകളും ബയോ യൂറിനലകളും അൻപതിലധികം സ്ഥാപിച്ചിട്ടുണ്ട്.

ഇത്തവണ 20 ലക്ഷത്തിലേറെ അയ്യപ്പഭക്തർക്ക് സന്നിധാനത്ത് അന്നദാനം ഒരുക്കും. സന്നിധാനത്തെ ദേവസ്വം ജീവനക്കാർക്ക് താമസിക്കാനുള്ള സ്റ്റാഫ് ക്വാർട്ടേഴ്‌സ് പൂർണമായും നവീകരിച്ചു. പമ്ബയിലെ ഗസ്റ്റ് ഹൗസിലും നവീകരണ പ്രവർത്തനങ്ങള്‍ നടന്നുവരുന്നു.

മന്ത്രിമാരായ വി.എൻ. വാസവൻ, കെ. രാജൻ, കെ. കൃഷ്ണൻ കുട്ടി, എ.കെ. ശശീന്ദ്രൻ, ജി.ആർ. അനില്‍, കെ.ബി. ഗണേഷ്‌കുമാർ, വീണ ജോർജ്, എം.എല്‍.എ.മാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കല്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം സ്‌പെഷല്‍ സെക്രട്ടറി ടി.വി. അനുപമ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് മേധാവികള്‍, ജില്ലാ കളക്ടർമാർ, തദ്ദേശസ്വയംഭരണ ജനപ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post