കണ്ണൂര്‍-ഡല്‍ഹി ഇൻഡിഗോ വിമാന സര്‍വീസ് ഡിസംബര്‍ 12 മുതല്‍


മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് ഇൻഡിഗോയുടെ പ്രതിദിന സർവീസ് ഡിസംബർ 12 മുതല്‍ തുടങ്ങും.
ഡല്‍ഹിയില്‍ നിന്നു രാത്രി 10.10 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 1.20 ന് കണ്ണൂരിലെത്തും. തിരികെ രാവിലെ 6.20ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 9.25 ന് ഡല്‍ഹിയിലെത്തും. 5,300 രൂപ നിരക്കിലാണു ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ഒന്നര വർഷത്തിനുശേഷമാണ് കണ്ണൂർ-ഡല്‍ഹി സെക്ടറില്‍ സർവീസ് പുനരാരംഭിക്കുന്നത്. 

നേരത്തെ സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ ലയന നടപടികളുടെ ഭാഗമായി നോണ്‍ മെട്രോ നഗരങ്ങളില്‍ നിന്നുള്ള സർവീസ് അവസാനിപ്പിച്ചതോടെയാണു കണ്ണൂരില്‍ നിന്നുള്ള സർവീസ് ഇല്ലാതായത്.

പുതിയ സർവീസ് കണ്ണൂർ വിമാനത്താവളത്തിന്‍റെ ദൗത്യത്തിലെ മറ്റൊരു നാഴികക്കല്ലാണെന്ന് വിമാനത്താവളം മാനേജിംഗ് ഡയറക്ടർ സി. ദിനേശ് കുമാർ അറിയിച്ചു. 

ഈ പുതിയ ദൈനംദിന കണക്ഷൻ മലബാർ മേഖലയിലെ വിനോദസഞ്ചാരത്തിന് വലിയ ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് വടക്കൻ കേരളത്തിന്‍റെ പ്രകൃതി സൗന്ദര്യവും ഊർജസ്വലമായ സംസ്കാരവും തനതായ പൈതൃകവും അനുഭവിക്കുന്നതിനുള്ള വാതിലുകള്‍ തുറക്കും. മാത്രമല്ല, പ്രൊഫഷണല്‍, ബിസിനസ് യാത്രക്കാർക്ക് ഈ സേവനം പ്രത്യേകിച്ചും പ്രയോജനകരമാകും.

Post a Comment

Previous Post Next Post