ശ്രീകണ്‌ഠപുരം ചെങ്ങളായിയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു



കണ്ണൂർ : ശ്രീകണ്‌ഠപുരം ചെങ്ങളായി വളക്കൈയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. രോഗബാധിതയായ പത്തൊൻപതുകാരി മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്.
ഇവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. 2011-ല്‍ ആലപ്പുഴയില്‍ ആണ് സംസ്ഥാനത്ത് ആദ്യമായി രോഗം കണ്ടെത്തിയത്.

ഈ വർഷം സംസ്ഥാനത്ത് ആകെ 28 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് പേർ മരിച്ചു.

അണുബാധയുള്ള പക്ഷികളെ കടിച്ച കൊതുക് മനുഷ്യരെ കടിക്കുമ്ബോഴാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല.

ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. പീയൂഷ് എം നമ്ബൂതിരിപ്പാടിന്റ നിർദേശ പ്രകാരം വളക്കൈ പ്രദേശത്ത് വിദഗ്ധ സംഘമെത്തി. ആരോഗ്യ ദ്രുതകർമ സേന യോഗം ചേർന്നു.

വെസ്റ്റ് നൈല്‍ പനി റിപ്പോർട്ട്‌ ചെയ്ത കുട്ടിയുടെ വീട് സംഘം സന്ദർശിച്ചു. കൊതുകിന്റെ ഉറവിടം കണ്ടെത്താൻ പരിശോധന നടത്തി. ചത്ത നിലയില്‍ കണ്ട പക്ഷിയുടെ ജഡം പരിശോധനക്ക് എടുത്തിട്ടുണ്ട്. 

പക്ഷികള്‍ അസ്വഭാവികമായി ചത്ത് വീഴുന്ന സാഹചര്യം ഉണ്ടെങ്കില്‍ ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് നിർദേശമുണ്ട്.

ജില്ലാ സർവയലൻസ് ഓഫീസർ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള സംഘം സന്ദർശനം നടത്തിയത്.

ജില്ലാ വെക്ടർ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസർ ഡോ. കെ കെ ഷിനി, എപ്പിഡമോളജിസ്റ്റ്‌ അഭിഷേക്, ബയോളജിസ്റ്റ് രമേശൻ, ജില്ലാ ഡെപ്യൂട്ടി മാസ്‌ മീഡിയ ഓഫീസർ ടി സുധീഷ് എന്നിവരും ഉണ്ടായിരുന്നു.

ചെങ്ങളായി പഞ്ചായത്തില്‍ നടന്ന ആർ ആർ ടി മീറ്റിങ്ങില്‍ ഇവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനൻ അധ്യക്ഷനായി.

വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകള്‍ വഴിയാണ് രോഗം പടരുന്നത്. രാത്രിയിലാണ് ഈ കൊതുകുകള്‍ കടിക്കുന്നത്. 

പക്ഷികളെ കടിച്ച കൊതുകുകള്‍ മനുഷ്യരെ കടിക്കുമ്ബോഴാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. കാക്ക വർഗത്തില്‍ പെട്ട പക്ഷികളെയാണ് കൊതുകുകള്‍ പ്രധാനമായും കടിക്കുന്നത്.

Post a Comment

Previous Post Next Post