തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ പൊട്ടലില്‍ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട് മരണപ്പെട്ട കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്നും വാർത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.
ഉരുള്‍പൊട്ടലില്‍ കുടുംബാംഗങ്ങളും വീടും നഷ്ടമായ ശ്രുതിക്ക് താങ്ങായി നിന്ന പ്രതിശ്രുത വരൻ ജെൻസനെയും വാഹനാപകടത്തില്‍ നഷ്ടമായിരുന്നു. സ്കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളായിരുന്നു ഇരുവരും. ഡിസംബർ ഇരുവരെയും വിവാഹം തീരുമാനിച്ചിരിക്കെയാണ് ജെൻസൻ ശ്രുതിയെ തനിച്ചാക്കി പോയത്. കല്‍പറ്റക്കു സമീപം വെള്ളാരംകുന്ന് ദേശീയപാതയില്‍ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ചൂരല്‍മലയിലെ സ്കൂള്‍ റോഡിലായിരുന്നു ശ്രുതിയുടെ വീട്. വയനാട് ഉരുള്‍ദുരന്തത്തില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരിച്ചിരുന്നു. പിതാവിന്‍റെ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്ബത് പേരെയാണ് ദുരന്തത്തില്‍ നഷ്ടമായത്.
ജൂലൈ 16നാണ് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ അർജുനെ ലോറിക്കൊപ്പം കാണാതായത്. പലഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവില്‍ 72 ദിവസത്തിനു ശേഷം അർജുന്റെ ലോറി ഗംഗാവാലി പുഴയില്‍ നിന്ന് കണ്ടെടുത്തു. ലോറിയുടെ കാബിനില്‍ നിന്ന് അർജുന്റെ മൃതദേഹവും കണ്ടെടുത്തു.
Post a Comment