കുരങ്ങുഭീതിയില്‍ പടപ്പേങ്ങാട്; പ്രതിഷേധവുമായി നാട്ടുകാര്‍


ചാപ്പാരപ്പടവ്: കൃഷി നശിപ്പിക്കാനെത്തുന്ന കുരങ്ങുകളെ ഭയന്ന് ജോലിക്ക് പോകാൻ പോലും കഴിയാതെ കൃഷിയിടങ്ങളില്‍ കാവലിരിക്കേണ്ട സ്ഥിതിയിലാണ് ചപ്പാരപ്പടവ് പഞ്ചായത്തിലെ പടപ്പേങ്ങാട് നിവാസികള്‍.

ചെമ്മണിച്ചൂട്ട, കായാട്ട്പാറ, മടക്കാട് പ്രദേശങ്ങളില്‍ പുലർച്ചെ മുതല്‍ ഇരുട്ടുന്നതുവരെ കുരങ്ങുകളുടെ വിളയാട്ടമാണ്. ഏക്കർ കണക്കിന് സ്ഥലത്തെ കൃഷി വിളകളാണ് ഏതാനും മാസങ്ങള്‍ക്കിടെ മാത്രം നശിപ്പിക്കപ്പെട്ടത്. കുരങ്ങ് ശല്യം കാരണം പ്രദേശത്ത് ആരും വീടും പറമ്ബും വാങ്ങാൻ പോലും തയാറാകുന്നില്ല എന്ന് പടപ്പേങ്ങാട് സ്വദേശി പുഷ്പ ചന്ദ്രൻ പറയുന്നു.

മച്ചിങ്ങകളില്ലാതെ 
തെങ്ങുകള്‍

പ്രദേശത്തെ തെങ്ങിൻ തോട്ടങ്ങളാണ് കുരങ്ങുകളുടെ പ്രധാന താവളം. ഭൂരിഭാഗം തെങ്ങുകളിലും മച്ചിങ്ങകള്‍ കാണാനില്ല. കുരങ്ങന്മാർ പറിച്ചെറിയുന്ന കരിക്കുകളാണ് തെങ്ങുകള്‍ക്കു ചുറ്റും. പപ്പായ, വാഴക്കുല, പുളി, പേരയ്ക്ക, കൈതച്ചക്ക, സപ്പോട്ട, പാഷൻ ഫ്രൂട്ട്, ചേന, ചേമ്ബ് തുടങ്ങി ഒട്ടുമിക്ക കൃഷിവിളകളും ഇവ വ്യാപകമായി നശിപ്പിക്കുകയാണ്. ചിരട്ടകളും റബർ പാലും നശിപ്പിക്കുന്നത് കാരണം റബർ കർഷകരും ദുരിതത്തിലാണ്.

വാഹനങ്ങള്‍ക്കു 
നേരെയും ആക്രമണം

വീട്ടുമുറ്റത്തും റോഡരികിലും നിർത്തിയിടുന്ന വാഹനങ്ങളുടെ കണ്ണാടികള്‍ തകർക്കുന്ന സംഭവങ്ങളും ആവർത്തിക്കുകയാണ്. പോർച്ചില്‍ പോലും വാഹനങ്ങള്‍ പ്ലാസ്‌റ്റിക് ഷീറ്റ് കൊണ്ട് മുടി വയ്ക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. വീടിനുള്ളില്‍ കയറി ഭക്ഷണം നശിപ്പിക്കുകയും പാത്രങ്ങളും മറ്റും എടുത്തുകൊണ്ടു പോകുകയും ചെയ്യുന്നതും നിത്യസംഭവമാണ്. കുട്ടികളെ ആക്രമിക്കാൻ ശ്രമിക്കുന്നതു കാരണം പലരും ഭീതിയിലാണ്. പ്രദേശത്തെ വിദ്യാർഥികള്‍ ഭീതിയോടെയാണ് സ്കൂളില്‍ പോയി വരുന്നത്.

നാട്ടുകാർ 
പ്രതിഷേധത്തില്‍

വർഷങ്ങള്‍ക്ക് മുന്പ് ഇത്തരത്തില്‍ കുരങ്ങ് ശല്യം രൂക്ഷമായപ്പോള്‍ പ്രദേശത്ത് വനം വകുപ്പ് അധികൃതർ കൂട് സ്ഥാപിച്ചിരുന്നു. അന്ന് ഒരു പരിധിവരെ കുരങ്ങ് ശല്യം അകറ്റാൻ കഴിഞ്ഞിരുന്നു. പിന്നീട് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ അലംഭാവമാണ് ഇത്തരത്തില്‍ പ്രതിസന്ധി രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. അവഗണന തുടർന്നാല്‍ ശക്‌തമായ പ്രക്ഷോഭ പരിപാടികളുമായി രംത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

Post a Comment

Previous Post Next Post